മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി യുവന്റസില്‍. താരവുമായി യുവന്റസ് കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. റെക്കോര്‍ഡ് തുകയ്‌ക്കാണ് സൂപ്പർ താരത്തെ യുവന്റിസെത്തിച്ചത്.

പ്രതിവർഷം മുപ്പത് മില്യണ്‍ യൂറോ പ്രതിഫലം നല്‍കി നാലു വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോയുമായി ധാരണയായതെന്നാണ് റിപ്പോർട്ടുകള്‍.

നേരത്തെ തന്നെ റൊണാള്‍ഡോ റയല്‍ വിടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തന്റെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോര്‍ച്ചുഗീസ് താരം മടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ക്ലബ്ബ് വിടുന്നതായി ക്രിസ്റ്റ്യാനോയും സൂചനകള്‍ നല്‍കിയിരുന്നു.

എന്നാല്‍ ഇതിനിടയില്‍ ആരാധകരേയും കായിക പ്രേമികളേയും അമ്പരപ്പിച്ചുകൊണ്ട് യുവന്റ്‌സ് ക്രിസ്റ്റ്യാനോയ്‌ക്കായി രംഗത്തെത്തുകയായിരുന്നു. സ്‌പാനിഷ് മാധ്യമമായ ഡോണ്‍ ബലോണ്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

സീരി എ ടീമായ യുവന്‍റസുമായി ക്രിസ്റ്റ്യാനോ ധാരണയിലെത്തിയെന്നും റയല്‍ വിടാന്‍ താരം സമ്മതിച്ചെന്നുമാണ് റിപ്പോർട്ട്. താരത്തെ വിട്ടു നല്‍കാന്‍ റയലും സമ്മതം മൂളിയിട്ടുണ്ട്. കഴിഞ്ഞ ചാപ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയും ക്ലബ്ബ് വിടുന്നതായി സൂചന നല്‍കിയിരുന്നു.

കാത്തിരുന്നു കാണാമെന്നായിരുന്നു അന്ന് ക്രിസ്റ്റ്യാനോ പറഞ്ഞത്. എന്നാല്‍ ക്രിസ്റ്റ്യാനോയെ ലക്ഷ്യമിട്ട് പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ രംഗത്തെത്തിയതോടെ താരം അവിടേക്ക് മടങ്ങുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഇതിനിടെ അപ്രതീക്ഷിതമായാണ് യുവന്‍റസിന്‍റെ രംഗ പ്രവേശനം.

ക്രിസ്റ്റ്യാനോയ്‌ക്ക് പകരക്കാരനായി ബ്രസീലിയന്‍ സൂപ്പർ താരം നെയ്മറിനെ ടീമിലെത്തിക്കാന്‍ റയല്‍ അധികൃതർ നീക്കങ്ങള്‍ നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകള്‍ പ്രകാരം നെയ്മറിനെ വിട്ട റയല്‍ ഇപ്പോള്‍ ഫ്രാന്‍സിന്‍റെ യുവതാരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

എംബാപ്പെയും നെയ്മറും പിഎസ്ജിയുടെ താരങ്ങളാണ്. അതേസമയം റിപ്പോർട്ടുകള്‍ ശരിയെങ്കില്‍ ഇറ്റാലിയന്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്‌ക്കായിരിക്കും ക്രിസ്റ്റ്യാനോ യുവന്‍റസിലെത്തുന്നത്. സീരി എയില്‍ കരുത്തരായി തുടരുന്ന സമയത്തും ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനൊരു അറുതി വരുത്തുക എന്നതാണ് ഓള്‍ഡ് ലേഡിയുടെ പുതിയ നീക്കത്തിന് പിന്നില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook