ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ സൗദി അറേബ്യ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ അല്‍ നസര്‍ ജേഴ്സിയുമായി നില്ക്കുന്ന ചിത്രങ്ങളും ക്ലബ്ബിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പറത്തു വന്നിരുന്നു. 2025 വരെയായിരിക്കും കരാറെന്നാണ് റിപോര്‍ട്ടുകള്‍.
എന്നാല്‍ അല്‍നാസറില്‍ തന്റെ മെഡിക്കല്‍ പൂര്‍ത്തിയാക്കുന്നതിനായി സൗദി അറേബ്യയിലേക്ക് വിമാനത്തില്‍ പോകുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയില്‍ പങ്കിട്ടിരുന്നു.
”ഹായ് ഗയ്സ്, ഉടന്‍ കാണാം.’ എന്ന് റൊണാള്‍ഡോ പറയുന്നതും കണ്ണിറുക്കുന്നതും ക്യാമറയിലേക്ക് ചൂണ്ടി പറയുന്നതും വീഡിയോയില്‍ കാണാം. ചൊവ്വാഴ്ച തന്നെ റൊണാള്‍ഡോ മെഡിക്കല്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാകും. പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് മിസോള് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ‘ക്രിസ്റ്റ്യാനോ മഞ്ഞയാണ്’ എന്ന അടിക്കുറിപ്പോടെ അല്‍ നാസര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് പങ്കിട്ടു.
എത്ര തുകയ്ക്കാണ് ക്രിസ്റ്റ്യാനോ അല്‍ നസറുമായി കരാറിലെത്തിയതെന്നതില് ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും റെക്കോര്‍ഡ് തുകയ്ക്കാണ് സൗദി ക്ലബ്ബ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ കളത്തിലെത്തിച്ചതെന്നാണ് വിവരം. രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 200 മില്യണ്‍ യൂറോയ്ക്ക് മുകളിലാണ് കരാര്‍ തുക. ഏകദേശം 1775 കോടി രൂപയിലധികം വരും. ക്ലബ്ബിനായി കളിക്കുന്നതിന് പുറമെ ചില പരസ്യ കരാറുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൗദി ക്ലബ്ബിനൊപ്പം ചേര്‍ന്നതോടെ ക്രിസ്റ്റ്യാനോയുടെ യൂറോപ്യന്‍ ഫുട്ബോള്‍ ബന്ധത്തിന് അവസാനമായിരിക്കുകയാണ്. ഐതിഹാസിക കരിയറില്‍ ആദ്യമായാണ് താരം യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനൊപ്പം ചേരുന്നത്. പിയേഴ്സ് മോര്‍ഗനുമായുള്ള ടിവി അഭിമുഖത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനൊ അവസാനിപ്പിച്ചിരുന്നു. യുണൈറ്റഡ് പരിശീലകന് എറിക് ടെന്‍ ഹാഗ് ക്രിസ്റ്റ്യാനോയെ തുടര്‍ച്ചയായി ബഞ്ചിലിരുത്തിയിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.