മാഡ്രിഡ്: ലാലിഗയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന റയൽ മാഡ്രിഡിന് തകർപ്പൻ ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ 2 എതിരെ 5 ഗോളുകൾക്കാണ് റയൽ തകർത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് റയലിന് തകർപ്പൻ ജയം സമ്മാനിച്ചത്.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ പിഎസ്ജിയെ നേരിടാൻ ഒരുങ്ങുന്ന റയൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ മിനുറ്റിൽത്തന്നെ ലൂക്കസ് വാസ്ക്വാസിലൂടെ റയൽ ലീഡ് എടുത്തു. ആദ്യപകുതി അവസാനിക്കുമ്പോഴേക്കും റയൽ നാല് ഗോളിന്റെ ഏകപക്ഷീയമായ ലീഡ് നേടിയിരുന്നു. 27,37 മിനുറ്റുകളിൽ ക്രിസ്റ്റ്യാനോയും 34 ആം മിനുറ്റിൽ ടോണി ക്രൂസുമാണ് റയലിനായി ഗോളുകൾ നേടിയത്.

74 ആം മിനുറ്റിൽ ജോൺ ബാറ്റിസ്റ്റയിലൂടെ സോസിഡാഡ് ഒരു ഗോൾ മടക്കി. എന്നാൽ 80ആം മിനുറ്റിൽ തകർപ്പൻ ഒരു ഫിനിഷിലൂടെ റൊണാൾഡോ തന്റെ ഹാട്രിക്ക് തികച്ചതോടെ റയൽ വിജയം ഉറപ്പിക്കുകയായിരുന്നു. കളിതീരാൻ മിനുറ്റുകൾ ശേഷിക്കെ മുൻ റയൽ താരം ഇല്ലാറമെൻഡി സോസിഡാഡിനായി ഒരു ഗോൾ കൂടി നേടി.

ജയത്തോടെ റയൽ മാഡ്രിഡ് 22 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി. 22 മത്സരങ്ങളിൽ നിന്ന് 58 പോയിന്രുള്ള ബാഴ്സിലോണയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ