റെക്കോർഡുകൾ തിരുത്തി കുറിക്കുന്നതും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നതും പതിവാക്കിയ താരമാണ് യുവന്റസിന്രെ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ മത്സരത്തിൽ യുവന്റസിനായി അതിവേഗം പത്ത് ഗോളുകൾ തികയ്ക്കുന്ന താരമായി മാറിയ റൊണാൾഡോ ഇന്നലെ നടന്ന മത്സരത്തിലും മറ്റൊരു റെക്കോർഡുകൂടി നേടി.

ചാമ്പ്യാൻസ് ലീഗിന്റെ ചരിത്രത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ താരമായാണ് റൊണാൾഡോ മാറിയത്. മൂന്ന് ടീമുകൾക്കായി ചാമ്പ്യൻസ് ലീഗിൽ ബൂട്ട് കെട്ടിയ താരം അതിവേഗം വിജയങ്ങളിൽ സെഞ്ചുറി തികയ്ക്കുകയായിരുന്നു.

മാഞ്ചസ്റ്റർ സുണൈറ്റഡിനായി കളിച്ച റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ നേടിയത് 26 വിജയങ്ങൾ. പിന്നീട് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൽ എത്തിയ റൊണാൾഡോ 71 വിജയങ്ങളിൽ ടീമിന്റെ ഭാഗമായി ഇതിൽ നാല് കിരീട നേട്ടങ്ങളും ഉൾപ്പെടുന്നു.

ഈ വർഷം യുവന്റസിൽ എത്തിയ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ നടന്ന മൂന്ന് മത്സരങ്ങളിലും ടീമിനൊപ്പമുണ്ടായിരുന്നു. മഞ്ചസ്റ്റർ യുണൈറ്റഡ് ഒരു തവണ കിരീടമുയർത്തിയപ്പോഴും താരം ടീമിനൊപ്പം ഉണ്ടായിരുന്നു.

എന്നാൽ റെക്കോർഡ് കുറിച്ച മത്സരത്തിൽ ​ഗോൾ നേടാൻ റൊണാൾഡോയ്ക്ക് ആയില്ല. അതേസമയം വിജയഗോളിൽ റൊണാൾഡോയുടെ പങ്ക് ഉണ്ടായിരുന്നു. 59 മിനിറ്റിൽ റൊണാൾഡോ ഒരുക്കിയ പാസിൽ നിന്നാണ് മൻസൂക്കിച്ച് യുവന്റസിന്റെ ഏക​ഗോൾ നേടിയത്.

ചാമ്പ്യൻസ് ലീ​ഗിൽ ഇതുവരെ 157 മത്സരങ്ങളിലാണ് റൊണാൾഡോ കളിച്ചത്. 171 മത്സരങ്ങൾ കളിച്ചിട്ടുള്ള ഐക്കർ കസിയസാണ് ഇക്കാര്യത്തിൽ റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. എന്നാൽ ചാമ്പ്യൻസ് ലീ​ഗിലെ എക്കാലത്തേയും ടോപ് സ്കോററും റൊണാൾഡോ തന്നെ. 121 ​ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook