/indian-express-malayalam/media/media_files/2025/04/11/4UxmGeaBb1cglUkhT3F5.jpg)
Cristiano Ronaldo, Matthew Vaughn Photograph: (Facebook)
മൈതാനത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീരേതിഹാസങ്ങൾ പലവട്ടം ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് മാത്രമല്ല. സിആർ 7 എന്ന ബ്രാൻഡ് പല ബിസിനസ് മേഖലയിലേക്ക് വ്യാപിപ്പിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോ കരുത്ത് കാണിച്ചുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയിലും മിന്നി തിളങ്ങാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ സിആർ7 ബിസിനസ് സാമ്രാജ്യം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
യുആർ-മാർവ് എന്ന ഫിലിം സ്റ്റുഡിയോ ആരംഭിച്ചതായാണ് പോർച്ചുഗൽ ഫുട്ബോൾ സൂപ്പർ താരം ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ഫിലിം മേക്കർ മാത്യു വോണിനൊപ്പം ചേർന്നാണ് സിനിമാ മേഖലയിലേക്കുള്ള അൽ നസർ താരത്തിന്റെ ചുവടുവയ്പ്പ്. രണ്ട് ആക്ഷൻ​ സിനിമകൾ യുആർ മാർവിന്റെ കീഴിൽ ഒരുങ്ങി കഴിഞ്ഞതായും മൂന്നാമത്തെ ആക്ഷൻ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നും റൊണാൾഡോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആദ്യ സിനിമയുടെ റിലീസ് തിയതി ഉടൻ​ പ്രഖ്യാപിക്കും.
ബിസിനസിലെ ഈ പുതിയ അധ്യായത്തിലേക്ക് ഏറെ ആകാംക്ഷയോടെയാണ് ഇറങ്ങുന്നതെന്ന് ആരാധകരുടെ പ്രിയപ്പെട്ട താരം പറഞ്ഞു. 'ഉടനെ എത്തുന്നു' എന്ന ക്യാപ്ഷനോടെയാണ് റൊണാൾഡോ പുതിയ ഫിലിം സ്റ്റുഡിയോ ആരംഭിക്കുന്നത് സംബന്ധിച്ച പ്രസ്താവന പങ്കുവെച്ചത്.
"ക്രിസ്റ്റ്യാനോ റൊണാൾഡോ സിനിമകൾ ഇഷ്ടപ്പെടുന്നു, മാത്യു വോൺ സ്പോർട്സിനേയും സ്നേഹിക്കുന്നു-ഇരുവരും നല്ല കഥകളെ ഇഷ്ടപ്പെടുന്നു. ഇരുവരും തങ്ങളുടെ മേഖലയിൽ പകരംവയ്ക്കാനില്ലാത്ത ചാംപ്യന്മാരാണ്. യുആർ മാർവിലൂടെ സ്പോർട്സിലേക്കും കഥ പറയലിലേക്കും കടക്കുകയാണ് ഇരുവരും. പുതിയ സാങ്കേതിക വിദ്യയേയും പൈതൃകത്തേയും ചേർത്തു പിടിച്ചാണ് യുആർ മാർവിന്റെ മുൻപോട്ട് പോക്ക്," റൊണാൾഡോ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
Coming soon... pic.twitter.com/c2XlFvqKme
— Cristiano Ronaldo (@Cristiano) April 10, 2025
"പിച്ചിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിഹാസ കഥകൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഏവരേയും പ്രചോദിപ്പിക്കുന്ന സിനിമകൾ സൃഷ്ടിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. യഥാർഥ ജീവിതത്തിലെ സൂപ്പർ ഹീറോയാണ് റൊണാൾഡോ," പ്രസ്താവനയിൽ മാത്യു വോൺ പറഞ്ഞു.
റോണോയുടെ ബിസിനസ് സാമ്രാജ്യം
സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കായിക താരമാണ് റൊണാൾഡോ. ഇൻസ്റ്റഗ്രാമിൽ നിന്നുൾപ്പെടെ ഒരു പോസ്റ്റിന് റൊണാൾഡോയ്ക്ക് ലഭിക്കുന്ന തുക ഞെട്ടിപ്പിക്കുന്നതാണ്. ഫുട്ബോളിൽ നേട്ടങ്ങൾ കൊയ്യുന്നതിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ബിസിനസ് സാമ്രാജ്യവും വളർത്തിക്കൊണ്ടിരിക്കുകയാണ്. സിആർ 7 എന്ന ബ്രാൻഡിന് കീഴിൽ ടൂറിസം, വിനോദം, ഹോസ്പിറ്റാലിറ്റി, വസ്ത്ര മേഖലയിലെ ശൃംഖലകൾ മുതൽ ടേബിൾവെയർ, ഹോം ഡെക്കർ ബിസിനസുകൾ വരെയായി ആ ബിസിനസ് സാമ്രാജ്യം വളർന്നു കിടക്കുന്നു.
ഏറെ നാൾ ട്രോഫികൾ കൊയ്ത് പന്ത് തട്ടിയ സ്പെയിനിലെ 21 സംരംഭങ്ങൾക്കിടയിൽ ഒരു ഹെയർ-ട്രാൻസ്‌പ്ലാന്റ് ശൃംഖല ഉള്‍പ്പെടെയുണ്ട് സിആർ 7 ബ്രാൻഡിന് കീഴിൽ. ലൈഫ്സ്റ്റൈൽ ബ്രാൻഡിലൂടെയായിരുന്നു തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്താൻ റൊണാൾഡോ ആരംഭിച്ചത്, 2006ലാണ് ഇതിന്റെ തുടക്കം.. തോട്ടക്കാരിയായി ജോലി ചെയ്ത അമ്മയോടൊപ്പം തന്റെ ജന്മനാടായ ഫഞ്ചലിൽ റൊണാൾഡോ ആദ്യ ബ്രാഞ്ച് തുറന്നു.
ബെർണാബ്യുവിലെത്തിയതോടെ ബിസിനസും ശക്തപ്പെടുത്തി
റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിർണായക ചുവടുവയ്പ്പ് വരുന്നത്. ശതകോടീശ്വരനായ ഡയോണിസിയോ പെസ്റ്റാനയുടെ കീഴിലുള്ള പെസ്റ്റാന ഗ്രൂപ്പുമായി ചേർന്ന് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് റൊണാൾഡോ കടന്നു. സ്പെയ്നിന് പിന്നാലെ പോർച്ചുഗലിലേക്കും യൂറോപ്പിലേക്കും അത് വളർന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഈ ശൃംഖല വളർന്നതോടെ 500 മില്യൺ യൂറോയിലേക്ക് ഗ്രൂപ്പിന്റെ വരുമാനം എത്തിയതായാണ് റൊണാൾഡോയും കൂട്ടരും അവകാശപ്പെടുന്നത്.
ആയിരം ഗോളുകൾ എന്ന മറ്റൊരു ഫുട്ബോൾ താരത്തിനും തൊടാനാവാത്ത നേട്ടത്തിന് മുൻപിൽ നിൽക്കുകയാണ് റൊണാൾഡോ. പ്രായം നാൽപതിൽ എത്തിക്കഴിഞ്ഞു. ഫുട്ബോൾ ലോകത്ത് പ്രായത്തെ കാറ്റിൽ പറത്തി പന്ത് തട്ടുന്നതിനൊപ്പം തന്റെ ബിസിനസ് സാമ്രാജ്യം ഓരോ ദിനവും വികസിപ്പിക്കുകയാണ് റൊണാൾഡോ.
ആരാധകരെ അമ്പരപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സിആർ 7 എന്ന ബ്രാൻഡിന്റെ അമ്പരപ്പിക്കുന്ന വളർച്ചയെ കുറിച്ച് അറിയണ്ടേ? കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു.
Read More
- ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ കുതിച്ചുയർന്ന് ബ്രാൻഡ് സിആർ7
- 'വേട്ട അവസാനിപ്പിച്ചു എന്ന് ഇരയെ വിശ്വസിപ്പിച്ച ശേഷം ഒരു തിരിച്ചുവരവുണ്ട്'; വിട്ടുകൊടുക്കില്ലെന്ന് എംബാപ്പെ
- ഒരൊറ്റ സീസണിൽ 100 സേവ്; ബ്ലാസ്റ്റേഴ്സ് കൈവിട്ട ഗോൾകീപ്പറുടെ മാസ് തിരിച്ചുവരവ്
- വൻലാൽസുയിഡിക ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ? സ്റ്റാർ റൈറ്റ് ബാക്കിനായി അഞ്ച് ക്ലബുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us