ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണ റയല്‍ ജേതാക്കളായതിന്‍റെ പിന്നാലെ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുമെന്ന് വാര്‍ത്തകള്‍. കഴിഞ്ഞ ശനിയാഴ്‌ച നടന്ന ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ 3-1നാണ് റയല്‍ തോല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് ടീമിന്‍റെ നെടും തൂണായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഡ്രിഡ് വിടുമെന്നുള്ള സൂചനകള്‍ പരക്കുന്നത്. കളിയ്ക്ക് ശേഷം സംസാരിച്ചപ്പോള്‍ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഉടനെ പുറത്ത് വിടുമെന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

“തല്‍ക്കാലം ഇത് സന്തോഷിക്കാനുള്ള സമയമാണ്. എന്നാല്‍ എന്നും എന്‍റെ കൂടെ നിന്നിട്ടുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഞാൻ ഉടനെ തന്നെ നല്‍കുന്നതാണ്. റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,” കളിയ്ക്ക് ശേഷം നടത്തിയ അഭിമുഖത്തില്‍ ബീഐഎന്‍ സ്‌പോർട്സിനോട് റൊണാള്‍ഡോ പറഞ്ഞു.

“മാഡ്രിഡിലെ ഒരു കളിക്കാരന്‍റെയും ഭാവിയല്ല ഇവിടെ പ്രധാനം. നമ്മള്‍ ഒരു പുതു ചരിത്രം കുറിച്ചു. അതിലാണ് ഇപ്പോള്‍ സന്തോഷിക്കേണ്ടത്. എനിക്ക് സംശയമൊന്നുമില്ല. ഇപ്പോള്‍ എനിക്കാവശ്യം വിശ്രമമാണ്. കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ എനിക്ക് പോർച്ചുഗല്‍ ടീമിന്‍റെ കൂടെ ചേരേണ്ടതുണ്ട്,” നിര്‍ത്താതെയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി താരം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിലടക്കം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യത്തെ കളിക്കാരനാണ് 33 വയസ്സുള്ള റൊണാള്‍ഡോ. കളിയ്ക്ക് ശേഷം ഗോള്‍ നേടാന്‍ സാധിക്കാതിരുന്നതില്‍ സങ്കടമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ദേഷ്യത്തോടെയാണ്‌ റൊണാള്‍ഡോ പ്രതികരിച്ചത്.

“ആർക്കാണ് സങ്കടം? ചാമ്പ്യന്‍സ് ലീഗ് എന്ന പേര് മാറ്റി വല്ല സിആര്‍7 ചാമ്പ്യന്‍സ് ലീഗ് എന്നിടണം ചിലർക്ക്. ആരാണ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്? ആരാണ് ഏറ്റവും കൂടുതല്‍ കിരീടം നേടിയത്,” ചാമ്പ്യന്‍സ് ലീഗില്‍ 120 ഗോളുകള്‍ സ്വന്തമായുള്ള റൊണാള്‍ഡോ പ്രതികരിച്ചു.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിന് വേണ്ടി ബെനന്‍സേമ ആദ്യ ഗോള്‍ നേടിയെങ്കിലും അധികം വൈകാതെ സിനഗല്‍ താരം സാദിയോ മാനേ ലിവര്‍പൂളിന് വേണ്ടി സമനില ഗോള്‍ നേടി. പക്ഷേ പകരക്കാരനായി ഗാരത് ബെയ്ല്‍ ഇറങ്ങിയതോടെ ലിവര്‍പൂളിന്‍റെ പ്രതീക്ഷകള്‍ അസ്തമിച്ചു. രണ്ട് ഗോളുകള്‍ നേടിയ ബെയിലാണ് റയലിനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റയലിന്റെ മൂന്നാമത്തെ ചാമ്പ്യന്‍സ് ലീഗ് കപ്പാണിത്.

കഴിഞ്ഞ വര്‍ഷം യുവെന്റിസിനെ 4-1ന് പരാജയപ്പെടുത്തിയതിന് ശേഷം റൊണാള്‍ഡോ റയല്‍ വിടാന്‍ പോകുന്നുവെന്ന് പോര്‍ച്ചുഗീസ് പത്രമായ എ ബോള റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌പാനിഷ് ക്ലബ്‌ താരത്തോട് പെരുമാറുന്ന രീതിയില്‍ താരം സന്തുഷ്ടനായിരുന്നില്ല എന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ