യുവേഫ നേഷൻസ് ലീഗിൽ ഇന്ന് പോർച്ചുഗൽ ക്രൊയേഷ്യയെ നേരിടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് അത്ര ശുഭകരമായ വാർത്തയല്ല ലിസ്ബണിലെ ക്യാമ്പിൽ നിന്നും വരുന്നത്. നൂറാം രാജ്യാന്തര ഗോളെന്ന നാഴികകല്ല് പിന്നിടാൻ ഇനിയും കുറച്ച് നാൾ കൂടി താരം കാത്തിരിക്കേണ്ടി വരും. ശനിയാഴ്ച അർദ്ധരാത്ര നടക്കുന്ന ക്രൊയേഷ്യയ്ക്കെതിരായ പോരാട്ടത്തിൽ റൊണാൾഡോ കളിച്ചേക്കില്ല. കാൽ വിരലിനേറ്റ അണുബാധയാണ് റൊണാൾഡോയ്ക്കും പോർച്ചുഗലിനും തിരിച്ചടിയായത്.
പോർച്ചുഗലിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടത്തിനൊപ്പം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പത്ത് മാസം മുമ്പ് നടന്ന ലക്സംബർഗിനെതിരായ മത്സരത്തിലാണ് റൊണാൾഡോ 99-ാം ഗോൾ തികച്ചത്. ഇതിന് ശേഷം കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര മത്സരങ്ങളൊന്നും നടന്നിരുന്നില്ല. പത്ത് മാസത്തിന് ശേഷം ആദ്യമായാണ് പോർച്ചുഗീസ് പട ഒരു രാജ്യാന്തര മത്സരം കളിക്കാൻ പോകുന്നത്.
“അദ്ദേഹം (ക്രിസ്റ്റ്യാനൊ റൊണാൾഡോ) ആരോഗ്യവാനാണോ എന്ന കാര്യത്തിൽ എനിക്ക് ചില സംശയങ്ങളുണ്ട്,” കോച്ച് ഫെർണാണ്ടോ സാന്റോസ് പറഞ്ഞതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. “ക്രിസ്റ്റ്യാനോ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വളരെ നന്നായി പരിശീലനം നടത്തിയെങ്കിലും ബുധനാഴ്ച വേദന മൂർച്ഛിച്ചിരുന്നു. അണുബാധ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കുന്നുണ്ടെങ്കിലും ഉടനെ മടങ്ങിയെത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിലവിലെ ചാംപ്യന്മാരായ പോർച്ചുഗലിന് റൊണാൾഡോയുടെ അഭാവത്തിലും ജയിച്ചെ മതിയാകു. എന്നാൽ ലോകകപ്പ് റണ്ണർഅപ്പുകളായ ക്രൊയേഷ്യയെ നിസരാക്കാരിയി കാണാൻ സാധിക്കുല്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പ് മത്സരങ്ങൾ കൂടി മുന്നിൽ കണ്ടാണ് ഇരു ടീമുകളും നേർക്കുന്നേർ എത്തുന്നത്.
Also Read: മനസില്ലാമനസോടെ മെസി; ബാഴ്സയിൽ തുടരും, കായികലോകത്തെ ഞെട്ടിച്ച് തുറന്നുപറച്ചിൽ
യോഗ്യത പോരാട്ടത്തിൽ എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് നേടിയാണ് ക്രൊയേഷ്യ യൂറോ കപ്പിന് യോഗ്യത ഉറപ്പിച്ചത്. ഇതേ ഫോം യുവേഫ നേഷൻസ് കപ്പിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൊയേഷ്യ. അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും ക്രൊയേഷ്യക്ക് അവരുടെ പ്രധാന ആയുധങ്ങളായ നായകൻ ലൂക്ക മോഡ്രിച്ചിനെയും ഇവാൻ റാക്കിട്ടിച്ചിനെയും നഷ്ടമാകും. അതേസമയം മൂന്നോളം പുതുമുഖങ്ങളാണ് ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.
റൊണാൾഡോയുടെ അഭാവത്തിൽ ബെർണാഡോ സിൽവയും ആന്ദ്രേ സിൽവയും ആയിരിക്കും പോർച്ചൂഗീസ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുക. പരിചയ സമ്പന്നനായ ഗോൾകീപ്പർ റൂയി പട്രീഷിയോ തന്നെയാണ് പ്രതിരോധത്തിലെ വജ്രായുധം. ഒപ്പം ബാഴ്സലോണ താരം നെൽസൻ സെമേഡോയും ജോസെ ഫോണ്ടെയും എത്തും.
ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12.15നാണ് പോർച്ചുഗലും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നത്. പോർച്ചുഗലിനലെ പോർട്ടോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന എസ്റ്റാഡോ ഡോ ഡ്രോഗോ സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ സോണി നെറ്റ്വർക്കിന്റെ സ്പോർട്സ് ചാനലുകൾക്കാണ് നേഷൻസ് ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. ഓൺലൈനിൽ സോണി ലൈവിലും മത്സരങ്ങൾ കാണാം. സോണി ലൈവ് ആപ്ലിക്കേൽൻ ഡൗൺലോഡ് ചെയ്ത ശേഷം അതിലും മത്സരങ്ങൾ കാണുവാൻ സാധിക്കും.