ജനീവ: കളിക്കളത്തിൽ ഏറ്റവും കൂടുതൽ തവണ ഫൗൾ ചെയ്യപ്പെടാറുളള താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പന്ത് കാലിൽ കൊരുത്ത് കുതിക്കുന്ന ക്രിസ്റ്റ്യാനോയെ തടുക്കാൻ പരുക്കൻ​ അടവുകൾ എതിർ താരങ്ങൾ പുറത്തെടുക്കാറുണ്ട്. എന്നാൽ വ്യാജ ഫൗളുകൾക്കും പേരുകേട്ട താരമാണ് ക്രിസ്റ്റ്യാനോ. ഇല്ലാത്ത ഫൗളുകൾ അഭിനയിച്ച് കാട്ടിയും, മനഃപൂർവ്വം ഡൈവ് ചെയ്തും ക്രിസ്റ്റ്യാനോ നിരവധി ഫൗളുകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

നെതർലൻഡ്സിനെതിരെ ഇന്നലെ നടന്ന സൗഹൃദ മൽസരത്തിലും ക്രിസ്റ്റ്യാനോ തന്റെ അഭിനയ മികവ് പുറത്തെടുത്തിരുന്നു. നെതർലൻഡ്സ് പോസ്റ്റിലേക്ക് പന്തുമായി കുതിച്ച റൊണാൾഡോ ഷൂട്ട് ചെയ്യുന്നതിനിടെ തന്നെ ഫൗൾ ചെയ്തതായി അപ്പീൽ ചെയ്ത് നിലത്തേക്ക് വീഴുകയായിരുന്നു. പെനാൽറ്റി ബോക്സിന് അകത്ത് നിന്നാണ് ക്രിസ്റ്റ്യാനോയുടെ അപ്പീൽ.

എന്നാൽ ഷൂട്ട് ചെയ്യുന്നതിനിടെ റൊണാൾഡോയുടെ ബൂട്ട് മൈതാനത്തെ പന്തിൽ കുത്തിയാണ് താരം വീണതെന്ന് റീപ്ലെകളിൽ വ്യക്തമായിരുന്നു. എന്നാൽ പെനാൽറ്റി നൽകാത്തതിൽ പ്രതിഷേധിച്ച് റൊണാൾഡോ റഫറിക്ക് നേരെ ആക്രോശവുമായി രംഗത്ത് വന്നു. എന്നാൽ പെനാൽറ്റി നൽകാൻ റഫറി തയ്യാറായില്ല.

റഷ്യൻ ലോകകപ്പിന് മുന്നോടിയായി ഇന്നലെ നടന്ന സൗഹൃദ മൽസരത്തിൽ പോർച്ചുഗൽ തോറ്റിരുന്നു. ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെ പോയ നെതർലൻഡ്സാണ് പോർച്ചുഗലിനെ വീഴ്ത്തിയത്. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഓറഞ്ച് പടയുടെ വിജയം. ഒത്തിണക്കത്തോടെ പന്ത് തട്ടിയ നെതർലൻഡ്സിനായി മെംഫിസ് ഡീപെ, റയാൻ ബാബേൽ, വാൻ ഡിക്​ എന്നിവരാണ് ഗോളുകൾ നേടിയത്. തുടർച്ചയായി ഒമ്പത് മൽസരങ്ങളിൽ ഗോളടിച്ച് കൂട്ടിയിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്നലെ വലകുലുക്കാനായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook