പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയ ടീം വിടുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് (എഫ്പിഎഫ്). റൊണാള്‍ഡോ ദേശീയ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഫെഡറേഷന് നിഷേധിച്ചു.
ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാത്തതിനെ തുടര്‍ന്നാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. 2008ന് ശേഷം ഒരു സുപ്രധാന ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഇല്ലാതെ പോര്‍ച്ചുഗല്‍ ഒരു മത്സരം തുടങ്ങുന്നത് ആദ്യമായിട്ടായിരുന്നു. 73-ാം മിനിറ്റിലാണ് പകരക്കാരനായി റോണോ കളത്തിലെത്തിയത്. എന്നാല്‍ റോണോയ്ക്ക് പകരമെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് നേടി പരിശീലകന്റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു
എന്നാല്‍ ഖത്തറില്‍ ടീം വിടുമെന്ന് ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്റെ വിശദീകരണം. ദേശീയ ടീമിനായും രാജ്യത്തിനായും ഓരോ ദിവസവും പുത്തന്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ. അത് അംഗീകരിക്കേണ്ടതുണ്ട്. ദേശീയ ടീമിനോടുള്ള സിആര്‍7ന്റെ പ്രതിബന്ധത സംശയരഹിതമാണ്. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ തവണ കളത്തിലിറങ്ങിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിബന്ധത സ്വിറ്റ്സര്‍ലന്‍ഡിന് എതിരായ മത്സരത്തിലും വ്യക്തമായി. സ്വിസ് ടീമിനെതിരെ പ്രീ ക്വാര്‍ട്ടറില്‍ വിജയം അനിവാര്യമായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടത്തിനായുള്ള ശ്രമത്തിലാണ് ടീമും താരങ്ങളും പരിശീലകരും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെയാണ് നേരിടുന്നത്. പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 19 വര്‍ഷത്തോളമായി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരുഷ ഫുട്ബോളിലെ ഓള്‍ടൈം ഗോള്‍ സ്കോററാണ്. 195 മത്സരങ്ങളില്‍ 118 ഗോളാണ് റോണോയുടെ നേട്ടം.