ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെടുന്നയാളാണ് പോര്‍ച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോ. ക്രിസ്ത്യാനോയുടെ പാത തന്നെയാണ് താന്‍ പിന്തുടരുന്നത് എന്ന് സൂചിപ്പിക്കുകയാണ് ക്രിസ്ത്യാനോയുടേ മകന്‍.

റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായ് നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്ക് ശേഷം സിആര്‍ 7 ജൂനിയര്‍ നേടിയ ഗോള്‍ തന്നെയാണ് അത്തരം സംസാരങ്ങളിലേക്ക് വഴിവെച്ചത്. അല്‍ജേരിയക്കെതിരായ സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ നേടിയ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ശേഷമാണ് റൊണാള്‍ഡോ ജൂനിയറിന്റെ ഗോള്‍ പിറന്നത്.

അച്ഛന്‍ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ തലയാട്ടിയതിന് പിന്നാലെ ജൂനിയര്‍ കിക്ക് എടുക്കുകയായി. ബോക്സിന് വെളിയില്‍ നിന്ന് ഏഴ് വയസ്സുകാരന്റെ ഷോട്ട്. ഗോളിയെ മറികടന്ന് പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക് പന്ത് കയറി. അച്ഛന്‍ റൊണാള്‍ഡോ തന്നെ ആദ്യമൊന്ന് ഞെട്ടിയതായി തോന്നിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ മുഖത്ത് കൂസലില്ലാത്തൊരു ചിരി പടര്‍ന്നു.

പോര്‍ച്ചുഗല്‍ ടീമിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഇന്നലെ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് വേണ്ടി ഗോണ്‍സാലോ ഗുവേഡസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോള്‍ നേടി.

ജൂണ്‍ പതിനഞ്ചാം തീയതി സ്പെയിനിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ