റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ ലൈംഗിക ആരോപണവുമായി റിയാലിറ്റി ടിവി താരം നടാഷ റോഡ്റിഗസ് രംഗത്ത്. കാമുകിയായ ജോര്‍ജിയാന റോഡ്റിഗസിന് വേണ്ടി തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടാഷ പറഞ്ഞു. ജോര്‍ജിയാനയില്‍ റൊണാള്‍ഡോയ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെയാണ് നടാഷയുടെ ആരോപണം.

ആദ്യ കാമുകിയായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് റൊണാള്‍ഡോ നടാഷയുമായി ബന്ധത്തിലാവുന്നത്. സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടാഷ മുന്‍ കാമുകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘അദ്ദേഹത്തിന് മുമ്പ് ഒരു കാമുകി ഉണ്ടായിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അദ്ദേഹം നല്ല ഒരു വ്യക്തിയായിരുന്നു, ഏറെ കാലം ഞങ്ങളുടെ ബന്ധം തുടര്‍ന്നു. ഒരുമിച്ചുളള രാത്രികള്‍ വളരെയധികം ആസ്വദിച്ചു. എന്നാല്‍ പിന്നീട് ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍ ഞാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തടഞ്ഞു. പിന്നീട് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ അദ്ദേഹം എന്നെ വെറും കാമപൂര്‍ത്തീകരണത്തിന് മാത്രമാണ് ഉപയോഗിച്ചതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. എന്നാല്‍ അതില്‍ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല, അദ്ദേഹത്തോടൊപ്പമുളള ദിനങ്ങള്‍ മനോഹരമായിരുന്നു. എന്നാല്‍ വഞ്ചിക്കപ്പെട്ടതായി എനിക്ക് ഇപ്പോള്‍ തോന്നുന്നു’, നടാഷ പറഞ്ഞു.

നടാഷ റോഡ്റിഗസ്

റൊണാള്‍ഡോ ആവശ്യപ്പെട്ടത് പ്രകാരം നഗ്നചിത്രങ്ങളും അയച്ചു കൊടുത്തതായി താരം വ്യക്തമാക്കി. ‘റൊണാള്‍ഡോയുടെ ലിസ്ബണ്‍ അപാര്‍ട്ട്മെന്റിലെത്തിയാണ് ഞങ്ങള്‍ ലൈംഗികബന്ധത്തലേര്‍പ്പെട്ടത്. ഈ മാര്‍ച്ച് മാസം അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം അവിടെ പോയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഒരു തൊപ്പിയും 300 യൂറോയും എനിക്ക് തന്നു. ജോര്‍ജിയാനയെ അദ്ദേഹം ഇപ്പോള്‍ ആത്മാര്‍ത്ഥമായാണ് സ്നേഹിക്കുന്നതെന്നാണ് എന്റെ വിശ്വാസം’, നടാഷ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റൊണാള്‍ഡോയ്ക്ക് നാലാം കുഞ്ഞ് പിറന്നത്. സ്പാനിഷ് മോഡല്‍ ജോര്‍ജിന റോഡ്റിഗസിനും മൂത്ത മകനുമൊപ്പമുളള ചിത്രം റോണോ പങ്കുവച്ചിട്ടുണ്ട്. പെണ്‍കുഞ്ഞാണ് പിറന്നതെന്നും ഏറെ സന്തോഷിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

നേരത്തേ വാടകഗര്‍ഭപാത്രം വഴി ക്രിസ്റ്റ്യാനോക്ക് ഇരട്ട കുട്ടികള്‍ പിറന്നിരുന്നു. പടിഞ്ഞാറന്‍ യുഎസിലെ സ്ത്രീ വഴി ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ജനിച്ചത്. ഇവ, മതേവു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. ഏഴ് വയസ്സുകാരനായ ക്രിസ്റ്റിയാനോ ജൂനിയര്‍ ആണ് മൂത്ത മകന്‍. കുട്ടിയുടെ അമ്മയാരാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

താരത്തിന്റെ വീടിന് അടുത്തായ മാഡ്രിഡ് ക്വിറോണ്‍ യൂണിവേഴ്സല്‍ ആശുപത്രിയിലാണ് ഇപ്പോഴുളളത്. അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവെച്ചു  അദ്ദേഹം കഴിഞ്ഞ ആഴ്ച പോസ്റ്റിട്ടിരുന്നു. ‘ഒരു അച്ഛനായിരിക്കുക എന്നത് വളരെയധികം പ്രാധാന്യം ഉളള കാര്യമാണ്. എന്നെ ശരിക്കും വ്യക്തിപരമായി മാറ്റിമറിച്ച കാര്യം. സ്നേഹം എന്താണെന്ന് എന്നെ തന്നെ മറന്ന് പഠിപ്പിച്ച കാര്യം. എന്നെ ഏറെ മൃദുലനും ജീവിതത്തില്‍ എന്തിനാണ് ശരിക്കും പ്രാധാന്യം നല്‍കേണ്ടതെന്നും എന്നെ പഠിപ്പിച്ചു. വീണ്ടും ഒരു അച്ഛനാവാന്‍ പോകുന്നത് എനിക്ക് കാത്തിരിക്കാനാവുന്നില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവരോടൊപ്പം ചിരിച്ചും കളിച്ചും സമയം ചെലവഴിക്കുന്നതിനേക്കാള്‍ മനോഹരമായ മുഹൂര്‍ത്തങ്ങളില്ല’, അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ