റോം: സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗായ സീരിയാ എയില്‍ അക്കൗണ്ട് തുറന്ന മത്സരത്തില്‍ സസുവോളക്കെതിരെ യുവന്‍റസിന് വിജയം. യുവന്‍റസ് വിജയത്തിന് വഴിവച്ച രണ്ട് ഗോളുകളും നേടുന്നത് പോര്‍ച്ചുഗീസ് നായകനാണ്. ഖൗമാ ബാബാക്കറാണ് സസുവോളയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

അമ്പതാം മിനുട്ടിലാണ് റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ പിറന്നത്. സെറ്റ് പീസില്‍ നിന്ന് കണ്ടെത്തിയ മികച്ചൊരു ടച്ചിലൂടെയാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടുന്നത്. വലത് വിങ്ങില്‍ നിന്ന് വന്ന ക്രോസ് സസുവോളയുടെ പ്രതിരോധത്തെ മറികടന്ന് റൊണാള്‍ഡോ പോസ്റ്റിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.


യുവന്‍റസ് ഇതിഹാസം ആന്ദ്രിയാ പിര്‍ലോ സ്റ്റേഡിയത്തില്‍

പതിനഞ്ച് മിനുട്ടുകള്‍ക്കകം പോര്‍ച്ചുഗീസ് നായകന്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. വലത് വിങ്ങില്‍ പന്ത് കൈവശപ്പെടുത്തിയ യുവന്റസ് നല്ലൊരു കൗണ്ടര്‍ അറ്റാക്ക് തീര്‍ക്കുകയായിരുന്നു. ഇടത് വിങ്ങില്‍ റൊണാള്‍ഡോയുടെ ശരവേഗത്തില്‍ മുന്നേറ്റം. റൊണാള്‍ഡോ തനിമ യുവന്റസിന്റെ കളി ശൈലിയുമായി ഒത്തിണങ്ങുന്ന കാഴ്ചകള്‍. റൊണാള്‍ഡോ തുടുത്ത ഷോട്ട് ഗോളിയെ മറികടന്ന് വലത് പോസ്റ്റിന്റെ മൂലയിലേക്ക് തറച്ചുകയറുന്നു. ഇറ്റാലിയന്‍ ലീഗിലും താന്‍ ശക്തന്‍ തന്നെയെന്ന് വിളിച്ച് പറയുകയായിരുന്നു സൂപ്പര്‍ താരം.

സീരിയാ എ റെക്കോര്‍ഡ് ആയ 112 ദശലക്ഷം രൂപയ്ക്കാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ റയലില്‍ നിന്ന് യുവന്‍റസ് പാളയത്തിലേക്ക് എത്തുന്നത്. സീരിയാ എയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും അദ്ദേഹത്തിന് ഗോള്‍ നേടാനായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളാണ് റൊണാള്‍ഡോയ്ക്ക് നേരെ ഉയര്‍ന്നത്.

കളിച്ച നാല് മത്സരങ്ങളും വിജയിച്ച യുവന്‍റസ് തന്നെയാണ് സീരിയാ എ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook