ഫുട്ബോളില്‍ ഏറ്റവും നല്ല ഫ്രീ കിക്കു പെനാല്‍റ്റി ആരുടേത് എന്ന് ചോദിച്ചാല്‍ മിക്കവര്‍ക്കും ആദ്യം മനസ്സില്‍ വരുന്ന പേര് ക്രിസ്ത്യാനോ റൊണാള്‍ഡോ എന്നാകും. എന്നാല്‍ റൊണാള്‍ഡോയുടെ ഏറ്റവും നല്ല ഫ്രീ കിക്ക് ഏതെന്ന് ചോദിച്ചാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാലത്തേക്ക് പോകേണ്ടിവരും.

ഇന്ന് കാണുന്ന രീതിയിലേക്ക് സിആര്‍7 എന്ന ഫുട്ബോള്‍ ഇതിഹാസത്തെ രൂപപ്പെടുത്തുന്നതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഹിച്ച പങ്ക് ചെറുതല്ല. 2003 മുതല്‍ 2009 വരെ നീണ്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കാലഘട്ടത്തില്‍ റൊണോ ഏറ്റവും അക്രമാസക്തനായ സീസണായിരുന്നു 2007-08ലേത്. 34 മൽസരങ്ങളില്‍ നിന്നായി 42 ഗോളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന്‍റെ അവസാന റൗണ്ടുകലിലേക്ക് കടക്കവേ മൂന്ന് ടീമുകള്‍ തമ്മില്‍ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. സര്‍ അലക്സ് ഫെര്‍ഗൂസന്‍റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഹൊസേ മൊറീഞ്ഞോയുടെ ചെല്‍സി, ആര്‍സീന്‍ വെങ്ങറിന്‍റെ ആഴ്സണല്‍. ലോക ഫുട്ബോളിലെ വിജയത്തില്‍ കുറഞ്ഞ ഒന്നും കാണാത്ത മൂന്ന് മികച്ച മാനേജര്‍മാര്‍.

പോസ്റ്റ്‌മൗത്തിനെതിരായ മൽസരത്തിലാണ് റൊണാള്‍ഡോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആ ഫ്രീ കിക്ക് പിറന്നത്. പോസ്റ്റിന് ഇരുപത്തഞ്ച് യാര്‍ഡകലെ വച്ചൊരു ഫ്രീ കിക്ക്. ഏറെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിനായി റൊണാള്‍ഡോ തയ്യാറെടുക്കുന്നു. റോണോയുടെ അടുത്തെത്തിയ റൂണി ചെവിയില്‍ എന്തൊക്കെയോ മന്ത്രിക്കുന്നുമുണ്ട്. ഗോള്‍വല കാക്കുന്നത് ഇപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് മാനേജര്‍ ആയ ഡേവിഡ്‌ ജെയിംസ് ആണ്. ഏറെ അനുഭവസമ്പത്തുള്ള ഡേവിഡ്‌ ജെയിംസിനെ കവച്ചുവച്ച് ഒരു ഫ്രീകിക്ക് എന്നത് ഏതൊരു പ്രതിഭയ്ക്കും ബുദ്ധിമുട്ടാണ്. അതും ഇരുപത്തഞ്ച് യാര്‍ഡ്‌ അകലത്തില്‍.

അല്‍പം പിന്നോട്ട് നടന്ന് നീങ്ങി ദീര്‍ഘശ്വാസം വലിച്ചു വിട്ട റൊണാള്‍ഡോ പോസ്റ്റും തന്‍റെ ലക്ഷ്യവും മാത്രം നോക്കിക്കൊണ്ട്‌ മുന്നോട്ടേക്കൊരു കുതിപ്പാണ്. വലത് കാലിന്‍റെ അറ്റം കൊണ്ട് പന്ത് ഫാര്‍ പോസ്റ്റിന്‍റെ ടോപ്‌ കോര്‍ണറിലേക്ക്. എന്തൊരു കൃത്യത ! എന്തൊരു കരുത്ത് ! റൊണാള്‍ഡോ എന്ന ഫുട്ബോള്‍ ഇതിഹാസത്തിനെ അടയാളപ്പെടുത്തുന്ന ഒരു നിമിഷമായിരുന്നു അത്.

“ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ചതായിരുന്നു അതെന്ന് എനിക്ക് നിസംശയം പറയാനാകും. അതിനെ തടുക്കാന്‍ ലോകത്തെ ഒരു ഗോള്‍കീപ്പറിനും ആകില്ല” ഇതായിരുന്നു ആ ഗോളിനെ കുറിച്ച് സാക്ഷാല്‍ അലക്സ് ഫെര്‍ഗൂസന്‍ പിന്നീട് പറഞ്ഞ കമന്റ്. സെറ്റ് പീസുകള്‍ പഠിക്കുന്നതിന് മികച്ച റഫറന്‍സായ ആ ഷോട്ട് റൊണാള്‍ഡോ പിന്നീട് പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. ഫുട്ബോളിലെ ഡെഡ് ബോള്‍ ഷോട്ടുകളുടെ സാങ്കേതികതയെ പുനര്‍നിര്‍വചിച്ച ഫ്രീ കിക്ക് എന്നും അതിനെ വിശേഷിപ്പിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook