കീവ്: ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മൽസരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചരിത്രനേട്ടം. ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ ചരിത്രത്തിലിന്നേ വരെ അഞ്ച് തവണ കിരീടം ചൂടുന്ന ആദ്യ താരമായി ഈ പോർച്ചുഗീസ് താരം മാറി.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നപ്പോൾ 2007/08 കാലത്താണ് ക്രിസ്റ്റ്യാനോ ആദ്യ കിരീടം ചൂടിയത്. പിന്നാലെ റയലിലേക്ക് ചേക്കേറിയ താരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് നാല് കിരീടവും നേടിയത്. 2013-14, 2015-16, 2016-17, 2017-18 വർഷങ്ങളിലായിരുന്നു റയലിന്റെ സൂപ്പർ സ്ട്രൈക്കർ കിരീടം ചൂടിയ ടീമിൽ അംഗമായത്.

1992 ൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നവീകരിച്ച പതിപ്പ് ആരംഭിച്ച ശേഷം മൂന്ന് തവണ തുടർച്ചയായി കിരീടം നേടുന്ന ടീമായി റയൽ. യൂറോപ്യൻ കപ്പിന്റെ കാലത്ത് 1956 നും 60 നും ഇടയിൽ നടന്ന അഞ്ച് പോരാട്ടങ്ങളിലും റയലിനായിരുന്നു കിരീടം.

ക്രിസ്റ്റ്യാനോയ്ക്ക് മാത്രമല്ല, റയലിന്റെ കോച്ച് സിനദിൻ സിദാനും ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്. മൂന്ന് തുടർ കിരീടം നേടുന്ന ആദ്യ മാനേജരെന്ന നേട്ടമാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

അതേസമയം, ലിവർപൂൾ കോച്ച് ജോർഗൻ ക്ലോപ്പിന് ഫൈനലിലെ പരാജയങ്ങൾ തുടർച്ചയാവുകയാണ്. തുടർച്ചയായി ആറാമത്തെ ഫൈനലിലാണ് അവർ പരാജയം രുചിക്കുന്നത്. 2012 ൽ ബൊറുസിയ ഡോർട്ട്മുണ്ടിനെ തകർത്ത് ജർമ്മൻ കപ്പ് നേടിയതൊഴിച്ചാൽ പിന്നീട് എല്ലാ ഫൈനലിലും അവർ തോറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ