ഒമ്പത് വര്‍ഷത്തെ കരിയറിനൊടുവില്‍ റയല്‍ മാഡ്രിഡിനോട്‌ വിട പറഞ്ഞ് യുവന്‍റസില്‍ ചേക്കേറിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റലിയിലെത്തി. ഇറ്റാലിയന്‍ ക്ലബ്ബിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായുള്ള വൈദ്യപരിശോധനയ്ക്കാണ് സൂപ്പര്‍ താരം റ്റൂറിന്‍ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങിയത്.

ഓരോ സീസണിലും മുപ്പത് മില്യൺ യൂറോയാണ് ക്രിസ്റ്റ്യാനോക്ക് വേണ്ടി ഇറ്റാലിയന്‍ ഭീമന്മാര്‍ ചെലവിടുക. നാല് വര്‍ഷത്തേക്കാണ് കരാര്‍. വൈദ്യപരിശോധനയ്ക്കായി എത്തിയ താരത്തെ വമ്പിച്ച കരഘോഷത്തോടെയായിരുന്നു യുവന്‍റസ് ആരാധകര്‍ വരവേറ്റത്. തിങ്കളാഴ്ച രാത്രിയോടെ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാകും.

ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമായിരുന്നു ക്രിസ്റ്റ്യാനോ റയലിലെത്തുന്നത്. അന്നത്തെ റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ക്രിസ്റ്റ്യാനോയെ റയല്‍ സ്വന്തമാക്കിയത്. റയല്‍ വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ച താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുപോകും എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടായിരുന്നു യുവന്‍റസ് പ്രവേശനം.


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസില്‍ വൈദ്യപരിശോധനയ്ക്കിടെ

തന്റെ കരിയറിന്റെ അവസാന നാളുകളിലേക്ക് നീങ്ങുകയാണ് മുപ്പത്തിമൂന്നുകാരന്‍ സ്ട്രൈക്കര്‍. താരത്തിന്റെ കൂട് മാറ്റത്തിന് പിന്നില്‍ അതും ഒരു കാരണമായിട്ടുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സീരിയ എ ചാമ്പ്യന്മാരായ യുവന്റസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റാഞ്ചുന്നത് ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് എന്നാണ് വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook