കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്‌ബോള്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വാര്‍ത്തകളിലൊന്നായിരുന്നു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റയല്‍ വിടുന്നെന്നും യുവന്റസിലേക്ക് ചേക്കേറുന്നെന്നും. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടുകൊണ്ട് ഇന്നലെ രാത്രിയോടെ ക്രിസ്റ്റ്യാനോ റയല്‍ വിട്ടതായി ഇരു ക്ലബ്ബുകളും സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വികാഭരിതമായ പ്രസ്താവനയിലൂടെ ക്രിസ്റ്റ്യാനോ റയല്‍ ആരാധകര്‍ക്ക് നന്ദി പറയുകയും ചെയ്തു.

ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്ക് 100 മില്യണ്‍ യൂറോയ്ക്കാണ് ക്രിസ്റ്റ്യാനോ എത്തുന്നത്. റയല്‍ ആരാധകരില്‍ പലരും പ്രിയതാരത്തിന്റെ കൂടുമാറ്റത്തില്‍ ദുഃഖിതരാണ്. തങ്ങളുടെ പ്രിയ താരത്തെ റയലിന്റെ വെള്ള കുപ്പായത്തില്‍ ഇനി കാണാന്‍ സാധിക്കില്ലെന്നത് അവരെ ഏറെ വേദനിപ്പിക്കുന്നതാണ്. അതേസമയം, മറുവശത്ത് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ തങ്ങളുടെ ടീമിലെത്തുന്നതിന്റെ ആവേശത്തിലാണ് യുവന്റസ് ആരാധകര്‍.

ഇതിനിടെ ചില റയല്‍ ആരാധകര്‍ പതിയെ യുവന്റസിലേക്ക് ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ പോയിട്ടുമുണ്ട്. റയല്‍ ആരാധകര്‍ക്കും ക്രിസ്റ്റ്യാനോ ആരാധകര്‍ക്കും അധികം വൈകാതെ തന്നെ പരസ്പരം ഏറ്റുമുട്ടേണ്ടി വരും എന്നതാണ് വസ്തുത. അടുത്ത മാസം അഞ്ചാം തീയതിയാണ് ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ ആ ദിനം. അന്ന് റയലും യുവന്റസും നേര്‍ക്കുനേര്‍ വരും.

കഴിഞ്ഞ ഒമ്പത് കൊല്ലം താന്‍ ജീവന് തുല്യം സ്‌നേഹിച്ച ടീമിനെതിരെ ക്രിസ്റ്റ്യാനോ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലേക്ക് നൂറായിരം ചിന്തകള്‍ കടന്നു വരുമെന്ന് ഉറപ്പാണ്. ഇന്‍ര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലാണ് യുവന്റസും റയലും ഏറ്റുമുട്ടുന്നത്. അന്ന് ക്രിസ്റ്റ്യാനോയെ റയല്‍ ആരാധകര്‍ ശത്രു പക്ഷത്ത് നിര്‍ത്തുമോ അതോ കൈയ്യടിച്ച് സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. യുവന്റസിനായി ക്രിസ്റ്റ്യാനോ റയലിന്റെ വല നിറയ്ക്കുകയാണെങ്കില്‍ അത് മറക്കാനാകാത്ത അനുഭവങ്ങളിലൊന്നായിരിക്കുമെന്നുറപ്പാണ്. കാല്‍പ്പന്താരാധകരും ആ നിമിഷത്തിനായാണ് കാത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ