മാഡ്രിഡ്‌: കളിക്കളത്തിൽ മാത്രമല്ല, പുറത്തും മെസിയെ വിടാതെ പിന്തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകത്തെ മികച്ച ഫുട്ബോളറാകാനുള്ള മത്സരത്തിൽ മെസിയുടെ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ ഇപ്പോൾ നികുതി വെട്ടിപ്പു കേസിന്റെ കാര്യത്തിലും മെസിയോട് മത്സരിക്കുകയാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. 2011-12, 2012-13 സീസണുകളിലായി 89 ലക്ഷം ഡോളർ റൊണാൾഡോ നികുതിയിനത്തിൽ വെട്ടിച്ചെന്ന്‌ സ്പാനിഷ്‌ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

നികുതി വെട്ടിപ്പ്‌ കേസിൽ ബാഴ്സലോണയുടെ അർജന്റീന സ്ട്രൈക്കർ ലയണൽ മെസിക്ക് സ്പാനിഷ്‌ കോടതി വിധിച്ച 21 മാസത്തെ തടവും 20 ലക്ഷം യൂറോ(ഏകദേശം 13.2 കോടി രൂപ) പിഴയും സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെയാണ് റയൽ മാഡ്രിഡ് താരം കേസിൽ കുടുങ്ങിയിരിക്കുന്നത്. വിധിക്കെതിരെ മെസി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ ക്രിമിനൽ കുറ്റമല്ലാത്തതിനാലും 24 മാസത്തിൽ കുറഞ്ഞ ശിക്ഷയായതിനാലും സ്പെയിനിലെ നിയമമനുസരിച്ച് മെസിക്ക് ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമെന്നാണ് നിഗമനം.

എന്നാൽ ക്രിസ്റ്റ്യാനോക്ക് ഈ ആനുകൂല്യവും ലഭിക്കില്ല. എട്ട് മുതല്‍ 15 വരെ മില്യണ്‍ യൂറോയാണ് ക്രിസ്റ്റ്യാനോ കണക്കുകാണിക്കാതെ നികുതി വെട്ടിച്ചതായി സ്പാനിഷ് സാമ്പത്തിക മന്ത്രാലയത്തിലെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ക്രിമിനല്‍ ടാക്‌സ് കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നും ആറ് ലക്ഷത്തോളം യൂറോയാണ് ഇതുമൂലം നികുതിയിനത്തില്‍ സ്പാനിഷ് സര്‍ക്കാരിന് നഷ്ടപ്പെട്ടതെന്നും സാമ്പത്തിക വിദഗ്ധര്‍ ആരോപിക്കുന്നു. ഇത് തെളിയുകയാണെങ്കില്‍ ഒരോ കുറ്റത്തിനും രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും ഒരുമിച്ച് അനുഭവിക്കേണ്ടി വരുമ്പോള്‍ അത് അഞ്ച് വര്‍ഷമായി നിജപ്പെടുമെന്നും സ്പാനിഷ് സാമ്പത്തിക മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ക്രിസ്റ്റ്യാനോയും സാമ്പത്തിക ഉപദേഷ്ടാവിനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ട്.

അതേസമയം, ക്രിസ്റ്റ്യാനോക്കെതിരെ കേസെടുക്കുന്നത്‌ സംബന്ധിച്ച്‌ നികുതി വകുപ്പിൽ തർക്കമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കേസെടുക്കുന്നതിനു മുൻപ്‌ ക്രിസ്റ്റ്യാനോയുടെ വെട്ടിപ്പ്‌, സാങ്കേതിക പിഴവാണോയെന്നാണ്‌ പ്രധാനമായും പരിശോധിക്കുന്നത്‌. സാങ്കേതിക പിഴവാണെന്നു കണ്ടെത്തിയാൽ ക്രിസ്റ്റ്യാനോയ്ക്ക്‌ 89 ലക്ഷം ഡോളറും ഇതിൻറെ പിഴയും അടച്ച്‌ തലയൂരാം. എന്നാൽ നികുതി വകുപ്പ്‌ കേസ്‌ രജിസ്റ്റർ ചെയ്താൽ ക്രിസ്റ്റ്യാനോ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ