മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസിൽ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് വർഷത്തെ തടവും പിഴയും ശിക്ഷ അംഗീകരിച്ചതായി റിപ്പോർട്ട്.  സ്‌പാനിഷ് സർക്കാരിനെ നികുതിയടക്കാതെ വഞ്ചിച്ച കേസിൽ 18.8 ദശലക്ഷം യൂറോയാണ് താരം പിഴയടയ്ക്കേണ്ടത്. സ്‌പാനിഷ് മാധ്യമമായ എൽ മുണ്ടോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌ത്.

എന്നാൽ നികുതിവെട്ടിപ്പ് കേസുകളിൽ ആദ്യത്തെ തവണ രണ്ട് വർഷം വരെയുളള തടവുശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന സ്‌പാനിഷ് നിയമം താരത്തിന് ഗുണകരമായേക്കും. രണ്ട് വർഷം മുൻപ് ബാഴ്‌സലോണ താരം ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ പിതാവും 4.1 ദശലക്ഷം യൂറോ നികുതിവെട്ടിച്ച് സമ്പാദിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു.

മാർസെലോ, റിക്കാർഡോ കാർവാലോ, ഡി മരിയ, അലക്‌സി സാഞ്ചെസ്, മഷെരാനോ, റാഡെമൽ ഫാൽകൊ, ഫാബിയോ കൊയെണ്ട്രൊ എന്നിവരും റയൽ മാഡ്രിഡിന്റെ മുൻ കോച്ച് ജോസ് മൊറിഞ്ഞോയും സമാനമായ കേസിൽ നേരത്തെ സ്‌പാനിഷ് നികുതി വകുപ്പിന്റെ പിടിയിലായിട്ടുണ്ട്.

ചാംപ്യൻസ് ലീഗിൽ റയൽ ഇക്കുറിയും കിരീടം ചൂടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. “റയൽ മാഡ്രിഡിന്റെ ഭാഗമായിരിക്കുക ഏറെ മനോഹരമായ കാര്യമാണ്. ട്രാൻസ്ഫർ സംബന്ധിച്ച് വരുന്ന വാർത്തകൾക്ക് വരുന്ന ഏതാനും ദിവസങ്ങൾക്കുളളിൽ ഞാൻ ആരാധകർക്ക് മറുപടി നൽകും,” എന്നാണ് സീക്രട്ട് പൊളിക്കാതെ ക്രിസ്റ്റ്യാനോ ഒരു ടിവി ചാനലിനോട് പറഞ്ഞത്.

അതേസമയം, റയൽ മാഡ്രിഡുമായുളള കരാർ ഇതുവരെയും താരം പുതുക്കിയിട്ടില്ല. എന്നാൽ കരാർ പുതുക്കാത്തത് പണം സംബന്ധിച്ച കാരണം കൊണ്ടല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ പോർച്ചുഗൽ ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ ഇന്ന് സ്‌പെയിനിനെതിരെ കളിക്കാനിറങ്ങും. ഇന്ത്യൻ സമയം രാത്രി 11.30 യ്‌ക്കാണ് മൽസരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ