റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായതു മുതല്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വാര്‍ത്തയായിരുന്നു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടുന്നു എന്നത്. താരത്തെ റയലിന്റെ പുതിയ ജഴ്‌സി പ്രകാശ വീഡിയോയില്‍ കാണാതെ വന്നതോടെ സംശയം ശക്തമാവുകയും ചെയ്തു.

ഫൈനലില്‍ വിജയത്തിന് പിന്നാലെ റൊണാള്‍ഡോ ടീം വിടുമെന്ന സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. ഭാവി കാര്യങ്ങള്‍ പിന്നീട് പറയുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാല്‍ താരത്തെ പിടിച്ചു നിര്‍ത്താന്‍ റയല്‍ നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ താന്‍ ടീമില്‍ തുടരണമെങ്കില്‍ രണ്ട് നിബന്ധനകളുണ്ടെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

തന്റെ പ്രതിഫലം ഇരട്ടിയായി ഉയര്‍ത്തണമെന്നത് ക്രിസ്റ്റ്യാനോയുടെ ആവശ്യങ്ങളിലൊന്ന്. ക്രിസ്റ്റ്യാനോ ക്ലബ് വിടുന്നുവെന്നത് പോലെ തന്നെ നെയ്മറെ ടീമിലെത്തിക്കുന്നുവെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നെയ്മറെ ടീമിലെത്തിക്കരുതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

തന്റെ രണ്ട് ആവശ്യങ്ങളും താരം ടീമിനെ അറിയിച്ചെന്നും ക്ലബ്ബ് പ്രസിഡന്റ് പെരസിനെ ഉടനെ തന്നെ ക്രിസ്റ്റ്യാനോ കാണുമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു. താരത്തെ ജഴ്‌സി പ്രകാശന വീഡിയോയില്‍ കാണാതായതോടെ ഞെട്ടിയിരിക്കുന്ന ആരാധകരെ കൂടുതള്‍ ആശങ്കയിലാക്കുന്നതാണ് പുതിയ വാര്‍ത്തകളും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook