കൊച്ചി : ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്കോട്ട്ലൻ‍ഡ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി തേടി ക്രിക്കറ്റ് താരം ശ്രീശാന്ത് സർപ്പിച്ച ഹർജിയിൽ ബിസിസിഐ അധ്യക്ഷൻ വിനോദ് റായിക്കും ഭരണസമിതിക്കും നേരത്തെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. . സ്‌കോട്ട്‌ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് അനുമതി നല്‍കാനാകില്ലെന്നും ബിസിസിഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന കേസിലാണ് ശ്രീശാന്തിനെതിരെ ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായിരുന്ന ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പട്യാല സെഷന്‍സ് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

എന്നാല്‍ കോടതി തള്ളിയ ദില്ലി പൊലീസിന്റെ കുറ്റപത്രം കണക്കിലെടുത്ത് ബിസിസിഐ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നെന്നാണ് ശ്രീശാന്തിന്റെ വാദം. അന്വേഷണകമ്മീഷന്‍ തന്റെ വാദം കേട്ടില്ലെന്നും ശ്രീശാന്ത് ആരോപിക്കുന്നു. താന്‍ നല്‍കിയ വിശദീകരണം പരിഗണിക്കാതെ, ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത
വിലക്കേര്‍പ്പെടുത്തുകയായിരുന്നെന്നും ശ്രീശാന്ത് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഒത്തുകളി കേസില്‍ പട്യാല കോടതി വിധി അന്തിമമല്ലെന്നും, ദില്ലി ഹൈക്കോടതിയില്‍ പൊലീസ് അപ്പീൽ നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ