ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെയും സുഹൃത്തുക്കളെയും ആക്രമിച്ചതിന് എട്ട് പേര്‍ക്കെതിരെ കേസ്. കൊള്ളയടിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഒഷിവാര പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ മുംബൈയിലെ സഹാറ സ്റ്റാര്‍ ഹോട്ടലിലെ കഫേയില്‍ സെല്‍ഫിയെടുക്കാന്‍ രണ്ട് പേര്‍ പൃഥ്വി ഷായെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവം.
ഫോട്ടോയെടുക്കാന്‍ ഇരുവരും താരത്തെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാര്‍ ഇരുവരെയും പുറത്താക്കി. എന്നാല്‍ പൃഥ്വി ഷായെ കാത്തുനിന്ന ശേഷം ബേസ്‌ബോള്‍ ബാറ്റുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ദിവസാവസാനത്തോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ സെല്‍ഫിക്കായി താരത്തെ സമീപിച്ചു. ക്രിക്കറ്റ് താരം ആദ്യം സഹകരിച്ചെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇരുവരും അവരെ ശല്യം ചെയ്തുകൊണ്ടിരുന്നതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാന്‍ താരം വിസമ്മതിച്ചപ്പോള്‍ ഇരുവരും മോശമായി പെരുമാറിയതായി പൊലീസ് പറഞ്ഞു. താരവും സുഹൃത്തും കാറില്‍ രക്ഷപ്പെട്ടപ്പോള്‍, പിന്തുടര്‍ന്ന അക്രമികള്‍ ട്രാഫിക് സിഗ്‌നലില്‍വച്ച് കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തല്ലിത്തകര്‍ത്തെന്നും പരാതിയിലുണ്ട്. പൊലീസില്‍ കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.