കൊളംബോ: കറുപ്പായതിനാൽ തനിക്ക് നിരവധി അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ്. സൗന്ദര്യമെന്നാൽ വെളുത്ത നിറം മാത്രമല്ലെന്നും ആളുകള്‍ ഇത്രത്തോളം വര്‍ണവെറിയന്‍മാരായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അഭിനവ് ട്വിറ്ററിൽ കുറിച്ചു. തമിഴ്നാട് സ്വദേശിയായ 27 കാരൻ അഭിനവ് നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ശ്രീലങ്കന്‍ പര്യടനത്തിലാണ്. എന്നാൽ ക്രിക്കറ്റ് താരങ്ങളിൽനിന്നാണോ അതോ സോഷ്യൽ മീഡിയയിൽനിന്നാണോ അഭിനവിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത് എന്നതിൽ വ്യക്തതയില്ല.

”എന്റെ പത്താം വയസ്സ് മുതല്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇന്ന് ഞാൻ നിൽക്കുന്ന ഇടത്ത് പതുക്കെ പടിപടിയായി കയറി വന്നതാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനായത് ബഹുമതിയായി കാണുന്നു. ഞാനീ കുറിപ്പ് എഴുതുന്നത് ആരുടെയെങ്കിലും സഹതാപമോ ശ്രദ്ധയോ കിട്ടാനല്ല. ഒരു വിഷയത്തിലുളള ആളുകളുട മനോഭാവത്തിൽ അൽപമെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

15 വയസ്സ് മുതല്‍ ഞാന്‍ രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാന്‍ തുടങ്ങിയതാണ്. ചെറുപ്പത്തില്‍ തന്നെ നിറത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതെന്തുകൊണ്ടാണെന്ന് അന്നെനിക്ക് നിഗൂഢമായ ഒരു കാര്യമായിരുന്നു. ഒരുപക്ഷേ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് അത് മനസ്സിലായേക്കും. ദിവസങ്ങളോളം കത്തുന്ന വെയിലില്‍ ഞാന്‍ ക്രിക്കറ്റ് പരിശീലിക്കുകയും കളിക്കുകയും ചെയ്തിട്ടുണ്ട്. വെയിലേറ്റാൽ എന്റെ തൊലി കൂടുതല്‍ കറുക്കുമെന്നും നിറം മങ്ങുമെന്നതും എന്നെ ബാധിക്കുന്ന കാര്യമായിരുന്നില്ല. ഒരു തവണ പോലും ആ കാര്യത്തില്‍ എനിക്ക് കുറ്റബോധം തോന്നിയിട്ടുമില്ല.

ഞാന്‍ ചെയ്യുന്നതെന്താണോ അത് ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. ചില നേട്ടങ്ങൾ നേടാൻ മണിക്കൂറുകൾ അധ്വാനിക്കേണ്ടി വരും. അപ്പോള്‍ അങ്ങനെയൊരു കുറ്റബോധത്തിന്റെയോ സങ്കടത്തിന്റെയോ ആവശ്യമില്ല. ഞാന്‍ ചെന്നൈയില്‍ നിന്നാണ് വരുന്നത്. ഇന്ത്യയിലെ ഏറ്റവും ചൂടു കൂടിയ സ്ഥലങ്ങളിലൊന്നാണത്. എന്റെ യൗവനത്തിന്റെ ഭൂരിഭാഗവും ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചെലവഴിച്ചത്’

കറുത്ത നിറത്തിന്റെ പേരിൽ ആളുകള്‍ പല പേരുകളിൽ എന്നെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് അതിനെ തള്ളിക്കളയുകയാണ് പതിവ്. കാരണം എനിക്ക് ഒരു ലക്ഷ്യമുണ്ട്. അതിനെ തകർക്കാൻ ഇത്തരം സംഭവങ്ങൾ ഇടയാകരുതെന്ന് ഞാൻ ചിന്തിച്ചിരുന്നു. പല സന്ദർഭങ്ങളിലും ഞാൻ അതിനാൽതന്നെ പ്രതികരിച്ചില്ല.

ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല. മറിച്ച് നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിടേണ്ടി വന്ന രാജ്യത്തെ നിരവധിപേർക്കു വേണ്ടിയാണ്. സോഷ്യല്‍ മീഡിയ വന്നതോടെ ഇത്തരം അധിക്ഷേപങ്ങൾ കൂടി. വെളുത്ത നിറം മാത്രമല്ല പുരുഷന്മാരുടെ സൗന്ദര്യം. നിങ്ങളുടെ നിറത്തെ ഓര്‍ത്ത് സങ്കടപ്പെടാതെ അഭിമാനം കൊളളുക”- അഭിനവ് ട്വിറ്ററിൽ എഴുതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ