മുംബൈ: എംഎസ് ധോണിയെന്ന നായകന്‍ ഇന്ത്യയ്ക്ക് നിരവധി കിരീടങ്ങള്‍ നേടി തന്നിട്ടുണ്ടാകാം. മൂന്ന് ഐസിസി ട്രോഫികളടക്കം. പക്ഷെ ഇന്ത്യന്‍ ടീമില്‍ അഗ്രഷന്‍ വളര്‍ത്തിയത് സൗരവ്വ് ഗാംഗുലിയെന്ന നായകനാണ്. അക്കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും കാണില്ല. ഇന്ന് ഇതിഹാസങ്ങളായി കണക്കാക്കുന്ന പല താരങ്ങളും ഗാംഗുലിയുടെ പിന്തുണ ഒന്നു കൊണ്ട് മാത്രം ടീമില്‍ ഇടം നേടിയവരാണ്.

സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, വിരേന്ദര്‍ സെവാഗ് തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ മോശം ഫോമിലൂടെ കടന്നു പോകുമ്പോള്‍ ഗാംഗുലി നല്‍കിയ പിന്തുണ വളരെ വലുതാണ്. ദാദയുടെ പിന്തുണയ്ക്ക് പരസ്യമായി തന്നെ ഇവരെല്ലാം ഇന്നും നന്ദി പറയുന്നു. കഴിഞ്ഞ ദിവസം വിരമിച്ച യുവരാജും ഗാംഗുലിയോടുള്ള തന്റെ സ്‌നേഹവും ആദരവും നന്ദിയുമൊക്കെ പലവട്ടം തുറന്നു പറഞ്ഞിട്ടുള്ള താരമാണ്.

കഴിഞ്ഞ ദിവസം യുവി താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിട പറയുകയാണെന്ന് പ്രഖ്യാപിച്ചതോടെ ഇതിഹാസ താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. തന്റെ പ്രിയ ശിക്ഷ്യന് ആശംസയുമായി ദാദയുമെത്തി. വികാരഭരിതമായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. ” ഡിയര്‍ യുവ്, എല്ലാ നല്ലതും ഒരിക്കല്‍ അവസാനിക്കും. ഇതൊരു മനോഹരമായ കാര്യമായിരുന്നു. നീ എനിക്കൊരു സഹോദരനെ പോലെയായിരുന്നു. ഇപ്പോള്‍ നീ എല്ലാം അവസാനിപ്പിക്കുമ്പോള്‍ കൂടുതല്‍ പ്രിയപ്പെട്ടവനാകുന്നു. രാജ്യം മൊത്തം നിന്നെ ഓര്‍ത്ത് അഭിമാനിക്കും” എന്നായിരുന്നു ദാദയുടെ ട്വീറ്റ്.

പിന്നാലെ ഗാംഗുലിയുടെ ട്വീറ്റിന് മറുപടിയുമായി യുവരാജുമെത്തി.”ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനും എന്റെ സ്വപ്‌നം ജീവിക്കാനും അവസരം നല്‍കിയതിന് നന്ദി ഡാഡി, നിങ്ങളെന്നും എനിക്ക് പ്രിയപ്പെട്ടവനായിരിക്കും” എന്നായിരുന്നു യുവരാജിന്റെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook