WT20 WC 2023, IND vs IRE Score Updates: വനിത ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. അയര്‍ലന്‍ഡിനെതിരായ മത്സരം മഴമൂലം തടസപ്പെട്ടതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 8.2 ഓവറില്‍ 54-2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ പെയ്തത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡ് അഞ്ച് റണ്‍സിന് പിന്നിലായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് ഇന്ത്യ നേടിയത്. 87 റണ്‍സെടുത്ത സ്മ്യതി മന്ദാനയാണ് നീലപ്പടയ്ക്കായി തിളങ്ങിയത്. അയര്‍ലന്‍ഡിനായി ഡിലാനി മൂന്ന് വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ കാത്തിരുന്നത് ദുഷ്കരമായ പിച്ചും ശക്തമായ കാറ്റും. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മ്യതി മന്ദാനയും റണ്‍സ് കണ്ടെത്തുന്നതില്‍ പിന്നോട്ടായിരുന്നു. ബൗണ്ടറികള്‍ വിരളമായിരുന്ന പവര്‍പ്ലെയ്ക്ക് ശേഷവും സിംഗിളുകള്‍ കൊണ്ട് ഇരുവരും തൃപ്തിപ്പെടുകയായിരുന്നു.
സ്മ്യതിയെ അയര്‍ലന്‍ഡ് കൈവിട്ട് കളഞ്ഞതിന് കണക്കില്ല. നിസാരമായ ക്യാച്ചുകള്‍ പോലും കൈപ്പിടിയിലൊതുക്കാന്‍ അയര്‍ലന്‍ഡ് താരങ്ങള്‍ക്കായില്ല. സമ്മര്‍ദം ഷഫാലിയെ കൂറ്റന്‍ ഷോട്ടിന് പ്രേരിപ്പിക്കുകയും അത് വിക്കറ്റില്‍ കലാശിക്കുകയും ചെയ്തു. 29 പന്തില്‍ 24 റണ്‍സായിരുന്നു ഷഫാലിയുടെ നേട്ടം.
പതിവിന് വിപരീതമായി മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതെത്തി. പത്ത് ഓവറില്‍ 63 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. തന്റെ സ്കോര്‍ 40 കടന്നതിന് പിന്നാലെ സ്മ്യതി സ്കോറിങ്ങിന് വേഗം കൂട്ടാന്‍ ആരംഭിച്ചു. പിന്നീട് അനായാസം താരത്തിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പിറന്നു. 40 പന്തിലാണ് സ്മ്യതി അര്‍ദ്ധ സെഞ്ചുറി തികച്ചത്.
മറുവശത്ത് ഹര്‍മന്‍പ്രീത് ഒരിക്കല്‍ക്കൂടി പരാജയപ്പെടുകയായിരുന്നു. 20 പന്തില്‍ 13 റണ്‍സെടുത്താണ് ഹര്‍മന്‍ മടങ്ങിയത്. പിന്നാലെയെത്തിയ റിച്ചാ ഘോഷിനെയും മടക്കി ഡിലാനി തന്റെ മൂന്നാം വിക്കറ്റ് നേടി. ടൂര്‍ണമെന്റിലാദ്യമായാണ് റിച്ച പുറത്തായത്. റിച്ച മടങ്ങിയെങ്കിലും മന്ദാന സ്കോറിങ് തുടര്‍ന്നു. ലെഗ് സൈഡില്‍ സിക്സറുകള്‍ പായിച്ചായിരുന്നു മന്ദാനയുടെ ബാറ്റിങ്.
ഒടുവില്‍ 19-ാം ഓവറിലെ നാലാം പന്തില്‍ സ്മ്യതി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 140 കടന്നിരുന്നു. 56 പന്തില്‍ നിന്ന് 87 റണ്‍സായിരുന്നു ഇടം കയ്യന്‍ ബാറ്റര്‍ നേടിയത്. ഒന്‍പത് ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 12 പന്തില്‍ 19 റണ്‍സെടുത്ത ജെമീമ റോഡ്രിഗസാണ് ഇന്ത്യന്‍ സ്കോര്‍ 150 കടത്തിയത്. അവസാന പന്തില്‍ ജമീമ പുറത്തായി.