WPL 2023, Royal Challengers Bangalore vs UP Warriors Score Updates: വനിത പ്രീമിയര്‍ ലീഗിലെ (ഡബ്ല്യുപിഎല്‍) ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നിറങ്ങും. യു പി വാരിയേഴ്സാണ് എതിരാളികള്‍. ഇന്ന് രാത്രി ഏഴരയ്ക്ക് ഡോ. ഡി വൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
കളിച്ച അഞ്ചില്‍ ഒന്ന് പോലും ജയിക്കാതെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാന്‍ കണക്കുകള്‍ കൂട്ടുന്ന തിരക്കിലാണ് ബാംഗ്ലൂര്‍. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ടീമിന് മുന്നേറാന്‍ എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രം പോര മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കുകയും വേണം. ഗുജറാത്ത് ജയന്റ്സ് ഇന്നലെ മുംബൈ ഇന്ത്യന്‍സിനോട് തോറ്റത് ബാംഗ്ലൂരിന് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
ക്യാപ്റ്റന്‍ സ്മ്യതി മന്ദാനയുടെ മോശം ഫോമാണ് ബാംഗ്ലൂരിന് തിരിച്ചടിയാകുന്നത്. അഞ്ച് ഇന്നിങ്സുകളില്‍ ഒന്നില്‍ മാത്രമാണ് 30 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ താരത്തിനായത്. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ എലിസെ പെറി താളം കണ്ടെത്തിയത് ടീമിന് ആശ്വാസം പകരും. രേണുക സിങ് താക്കൂര്‍ ബോളിങ്ങില്‍ ഇതുവരെ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടുമില്ല.
മറുവശത്ത് യുപി കുറച്ച് കൂടി മെച്ചപ്പെട്ട സ്ഥാനത്താണ്. നാല് കളികളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയുമായി പട്ടികയില്‍ മൂന്നാമതുണ്ട്. ദീപ്തി ശര്‍മ, എക്ലസ്റ്റോണ്‍ എന്നിവര്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ദീപ്തി ടൂര്‍ണമെന്റില്‍ ഒരു തവണ പോലും ബാറ്റുകൊണ്ട് മികവ് പുറത്തെടുത്തിട്ടില്ലെ എന്നതും നിരാശപ്പെടുത്തുന്നു.
എന്നാല്‍ യുപിയുടെ ബാറ്റിങ് നിര ടൂര്‍ണമെന്റ് മുന്നേറുന്നതനുസരിച്ച് മെച്ചപ്പെടുന്നുണ്ട്. ക്യാപ്റ്റന്‍ എലിസെ ഹീലി രണ്ട് കളികളില്‍ സ്കോര്‍ കണ്ടെത്തി. തഹ്ലിയ മഗ്രാത്ത്, കിരണ്‍ നാവ്ഗയര്‍ എന്നിവരും ഹീലിക്ക് പിന്തുണ നല്‍കുന്നുണ്ട്. ടൂര്‍ണമെന്റില്‍ ആദ്യ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ പത്ത് വിക്കറ്റിന് കീഴടക്കാന്‍ യുപിക്ക് കഴിഞ്ഞിരുന്നു.