WPL 2023, Mumbai Indians vs UP Warriors Score Updates: വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) യുപി വാരിയേഴ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സിന് നാലാം ജയം. യുപി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്ടിയ, നാറ്റ് സൈവര്‍ ബ്രണ്ട് എന്നിവരുടെ മികച്ച പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. ഹീലി 46 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്തു. ദേവിക ആറ് റണ്‍സുമായി മടങ്ങി. പിന്നാലെ 37 പന്തില്‍ 50 നേടിയ തഹ്‌ലിയ മഗ്രാത്ത് മാത്രമാണ് യുപിക്കായി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ യാസ്തിക ഭാട്ടിയ, നാറ്റ് സൈവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് മുംബൈക്ക് മികച്ച ജയമൊരുക്കി. യാസ്തിക ഭാട്ടിയ 27 പന്തില്‍ 42 റണ്‍സുമായി മടങ്ങിയപ്പോള്‍ ഹര്‍മനും(33 പന്തില്‍ 53), നാറ്റും(31 പന്തില്‍ 45) പുറത്താവാതെ നിന്നു.
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. കളിച്ച മൂന്നും വിജയിച്ച് പോയിന്റ് പട്ടികയിലും മുന്നില്‍ തന്നെ. ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകളോട് ആധികാരികമായിരുന്നു മുംബൈയുടെ ജയം.
ഉജ്വല ഫോമില്‍ തുടര്‍ന്ന ഡല്‍ഹിയെ ചെറിയ സ്കോറില്‍ ഒതുക്കിയായിരുന്നു മുംബൈയുടെ വിജയം. യാസ്തിക ഭാട്ടിയ, ഹെയിലി മാത്യൂസ്, നാറ്റ് സ്കീവര്‍ ബ്രന്റ്, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍ തുടങ്ങിയ ബാറ്റര്‍മാരെല്ലാം ഉജ്വല ഫോമിലാണ്. ബോളര്‍മാരുടെ പട്ടികയില്‍ മുംബൈയുടെ സൈക ഇഷാഖാണ് മുന്നില്‍. ഹെയിലി മാത്യൂസും പട്ടികയിലുണ്ട്.
കളിച്ച മൂന്നില്‍ രണ്ട് ജയവുമായി യുപി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഗുജറാത്തിനേയും ബാംഗ്ലൂരിനേയും കീഴടക്കിയ യുപിക്ക് അടിപതറിയത് ഡല്‍ഹിക്ക് മുന്നിലായിരുന്നു.