WPL 2023, Mumbai Indians vs Gujarat Giants Score Updates: പ്രഥമ വനിത പ്രീമിയര്‍ ലീഗിലെ (ഡബ്ല്യുപിഎല്‍) ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 143 റണ്‍സിന്റെ ഉജ്വല ജയം. മുംബൈ ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 64 റണ്‍സിന് പുറത്തായി.
മുംബൈക്കായി സൈക ഇഷാക്ക് നാലു വിക്കറ്റുകള്‍ നേടി. നാറ്റ് സ്കീവര്‍, അമേലിയ കേര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഇസി വോങ് ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ഹര്‍മന്‍പ്രീത് കൗര്‍ (65), അമേലിയ കേര്‍ (45*), ഹെയ്‌ലി മാത്യൂസ് (47) എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ 207 റണ്‍സാണ് മുംബൈ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന മുംബൈ ഇന്ത്യന്‍സിനെ കാത്തിരുന്നത് ബാറ്റിങ് പറുദീസയായിരുന്നു. ഓപ്പണര്‍ യാസ്തിക ഭാട്ടിയ (1) പരാജയപ്പെട്ടെങ്കിലും പിന്നീട് വന്നവര്‍ക്കാര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ല. രണ്ടാം വിക്കറ്റില്‍ നാറ്റ് സ്കീവറും ഹെയ്‌ലി മാത്യൂസും ചേര്‍ന്ന് 54 റണ്‍സാണ് ചേര്‍ത്തത്.
18 പന്തില്‍ 23 റണ്‍സെടുത്ത നാറ്റ് സ്കീവറെ മടക്കി ജോർജിയ വെയർഹാം ഗുജറാത്തിന് വിക്കറ്റ് സമ്മാനിച്ചു. പക്ഷെ നാലാമതായെത്തിയ ഹര്‍മന്‍പ്രീത് കൗര്‍ പിന്നീട് ഗ്രൗന്‍ഡ് കീഴടക്കുകയായിരുന്നു. ഇതിനിടയില്‍ 31 പന്തില്‍ 47 റണ്‍സെടുത്ത ഹെയ്‌ലി മുംബൈക്ക് നഷ്ടമായി. മൂന്ന് ഫോറും നാലും സിക്സുമാണ് ഹെയ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്.
അഞ്ചാം നമ്പറിലെത്തിയ യുവതാരം അമേലിയ കേറിനെ കൂട്ടുപിടിച്ചായിരുന്നു ഹര്‍മന്റെ താണ്ഡവം. താരത്തിന്റെ ബാറ്റില്‍ നിന്ന് അനായാസമാണ് ബൗണ്ടറികള്‍ ഒഴുകിയത്. സ്നെ റാണയുടേയും ആഷ്‌ലി ഗാര്‍ഡനറിന്റേയും ഓവറുകളിലായി തുടര്‍ച്ചയായി ഏഴ് തവണയാണ് ഹര്‍മന്‍ ഫോര്‍ കണ്ടെത്തിയത്. 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയും തികച്ചു.
പിന്നീടും ഹര്‍മന്റെ പ്രഹരം തുടര്‍ന്നെങ്കിലും അധികം നീണ്ടു നിന്നില്ല. സ്നെ റാണയുടെ പന്തില്‍ ഹേമലതയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. 30 പന്തില്‍ 14 ഫോറടക്കം 65 റണ്‍സാണ് ഹര്‍മന്‍ നേടിയത്. ഹര്‍മന്‍ നിര്‍ത്തിയപ്പോള്‍ അമേലിയ ആരംഭിച്ചു. 24 പന്തില്‍ ആറ് ഫോറും ഒരു സിക്സുമടക്കം 45 റണ്‍സ് അമേലിയ അടിച്ചെടുത്തു.
എട്ട് പന്തില്‍ 15 റണ്‍സെടുത്ത പൂജ വസ്ത്രാക്കര്‍, അവസാന പന്തില്‍ സിക്സടിച്ച് ഫിനിഷ് ചെയ്ത ഇസി വോങ് എന്നിവരുടെ പ്രകടനം മുംബൈയെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഗുജറാത്തിനായി സ്നെ റാണ രണ്ട് വിക്കറ്റ് നേടി. ഗാര്‍ഡനര്‍, തനൂജ കൻവാർ, വെയര്‍ഹാം എന്നിവര്‍ ഓരൊ വിക്കറ്റും സ്വന്തമാക്കി.
ടീം
ഗുജറാത്ത് ജയന്റ്സ്: ബെത്ത് മൂണി, സബ്ബിനേനി മേഘന, ഹർലീൻ ഡിയോൾ, ആഷ്‌ലി ഗാർഡ്‌നർ, അന്നബെൽ സതർലാൻഡ്, ദയാലൻ ഹേമലത, ജോർജിയ വെയർഹാം, സ്നേഹ റാണ, തനുജ കൻവാർ, മോണിക്ക പട്ടേൽ, മാൻസി ജോഷി.
മുംബൈ ഇന്ത്യന്‍സ്: ഹെയ്‌ലി മാത്യൂസ്, യാസ്തിക ഭാട്ടിയ, ഹർമൻപ്രീത് കൗർ, നാറ്റ് സ്കീവർ-ബ്രണ്ട്, അമേലിയ കേർ, അമൻജോത് കൗർ, പൂജ വസ്ത്രാക്കർ, ഹുമൈറ കാസി, ഇസി വോങ്, ജിന്റിമണി കലിത, സൈക ഇഷാക്ക്.