WPL 2023, Gujrat Giants vs Royal Challengers Bangalore Score Updates: വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ലുപിഎല്‍) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മൂന്നാം തോല്‍വി. ഗുജറാത്ത് ജയന്റ്സ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന്റെ പോരാട്ടം 190-ല്‍ അവസാനിച്ചു. 66 റണ്‍സെടുത്ത സോഫി ഡിവൈനാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍.
ഗുജറാത്തിനായി ആഷ് ഗാര്‍ഡനര്‍ മൂന്നും അന്നബെല്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റും നേടി. നേരത്തെ ഹര്‍ളീന്‍ ഡിയോള്‍ (67), സോഫിയ ഡങ്ക്ലി എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഗുജറാത്ത് നേടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്തിന് മൂന്നാം ഓവറില്‍ സഭിനേനി മേഘ്നയെ (8) നഷ്ടമായെങ്കിലും സോഫിയ ഡങ്ക്ലി കത്തിക്കയറുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ ഹര്‍ളീന്‍ ഡിയോളിനെ സാക്ഷിയാക്കി ഡങ്ക്ലി ബാംഗ്ലൂര്‍ ബോളര്‍മാരെ അനായാസം നേരിട്ടു. പന്തുമായെത്തിയവരെല്ലാം ഡങ്ക്ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു.
ഡബ്ല്യുപിഎല്ലിലെ വേഗതയേറിയ അര്‍ധസെഞ്ചുറിയും വലം കയ്യന്‍ ബാറ്റര്‍ നേടി. 18 പന്തിലായിരുന്നു താരം 50 കടന്നത്. റെക്കോര്‍ഡ് മറികടന്നെങ്കിലും വെടിക്കെട്ട് തുടരുകയായിരുന്നു ഡങ്ക്ലി. ശ്രയങ്ക പാട്ടീലിന്റെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിക്കുന്നതിനിടെ ഹീതര്‍ നൈറ്റിന്റെ കയ്യിലെത്തി ഡങ്ക്ലി. 28 പന്തില്‍ 11 ഫോറും മൂന്ന് സിക്സുമടക്കം 65 റണ്‍സാണ് താരം നേടിയത്.
ഡങ്ക്ലി നല്‍കിയ അടിത്തറ ഉപയോഗിച്ച് ഹര്‍ളീന്‍ ഗുജറാത്ത് ഇന്നിങ്സിനെ നയിക്കുകയായിരുന്നു. പതിയെ തുടങ്ങി ഹര്‍ളീന്‍ വൈകാതെ തന്നെ ഗിയര്‍ മാറ്റി. ബാംഗ്ലൂരിന്റെ ഫീല്‍ഡിങ്ങിലെ പഴുതുകള്‍ മനസിലാക്കി ഹര്‍ളീന്‍ ബൗണ്ടറികള്‍ കണ്ടെത്തി. ഡങ്ക്ലിക്ക് പിന്നാലെയെത്തി ആഷ് ഗാര്‍ഡനര്‍ ബാംഗ്ലൂരിന് (19) കാര്യമായ വെല്ലുവിളി ഉയര്‍ത്താതെ കീഴടങ്ങി.
ഏഴ് പന്തില്‍ 16 റണ്‍സെടുത്ത ഹേമലതയും എട്ട് പന്തില്‍ 14 റണ്‍സെടുത്ത അന്നബെല്‍ സതര്‍ലാന്‍ഡും ഗുജറാത്തിന്റെ സ്കോറിന്റെ അതിവേഗക്കുതിപ്പിന് സഹായിച്ചു. അവസാന ഓവറിലായിരുന്നു ഹര്‍ളീന്‍ മടങ്ങിയത്. 45 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സുമടക്കം 67 റണ്‍സ് ഹര്‍ളീന്‍ നേടി.
ബാംഗ്ലൂരിനായി ശ്രയങ്ക പാട്ടീലും ഹീതര്‍ നൈറ്റും രണ്ട് വിക്കറ്റ് വീതം നേടി. രേണുക താക്കൂറും മേഗള്‍ ഷൂട്ടും ഓരൊ വിക്കറ്റും സ്വന്തമാക്കി.
പ്രിവ്യു
മികച്ച താരങ്ങളാല്‍ സമ്പന്നമാണെങ്കിലും ടൂര്‍ണമെന്റില്‍ കനത്ത തിരിച്ചടിയാണ് ബാംഗ്ലൂര്‍ നേരിട്ടത്. സ്മ്യതി മന്ദാന നയിക്കുന്ന ടീമില്‍, എലിസെ പെറി, റിച്ച ഘോഷ്, ഹീതര്‍ നൈറ്റ്, മേഗൻ ഷട്ട് തുടങ്ങിയ താരങ്ങളുണ്ട്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് 60 റണ്‍സിനും രണ്ടാം മത്സരത്തില്‍ മുംബൈയോട് ഒന്‍പത് വിക്കറ്റിനുമായിരുന്നു ബാംഗ്ലൂരിന്റെ പരാജയം.
ബാംഗ്ലൂരിനേക്കാളും തിരിച്ചടിയാണ് സീസണില്‍ ഗുജറാത്ത് നേരിടുന്നത്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് 64 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാമങ്കത്തില്‍ യുപി വാരിയേഴ്സിനോട് അവസാന ഓവറിലാണ് തോല്‍വി വഴങ്ങിയത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഗുജറാത്ത്, ബാംഗ്ലൂര്‍ നാലാമതും.