WPL 2023, Gujarat Giants vs Delhi Capitals Score Updates: വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിന് മൂന്നാം ജയം. ഗുജറാത്ത് ജയന്റ്സ് ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം 77 പന്ത് ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടപ്പെടാതെയാണ് ഡല്‍ഹി മറികടന്നത്. 28 പന്തില്‍ 76 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയെ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടാണ് ഷഫാലി ലക്ഷ്യം കടത്തിയത്. പന്ത് കയ്യിലെടുത്ത ഗുജറാത്തിന്റെ ബോളര്‍മാരെല്ലാം ഷഫാലിയുടെ പ്രഹരമറിഞ്ഞു. 28 പന്തില്‍ 10 ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെയാണ് 76 റണ്‍സ് താരം നേടിയത്. 15 പന്തില്‍ 21 റണ്‍സുമായി ഡല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിങ് ഷഫാലിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞത് മരിസാന്‍ കാപ്പാണ്. ഗുജറാത്തിന്റ നാല് മുന്‍നിര ബാറ്റര്‍മാരെ ഉള്‍പ്പടെ അഞ്ച് വിക്കറ്റാണ് കാപ്പ് നേടിയത്. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങിയാണ് കാപ്പിന്റെ പ്രകടനം. മൂന്ന് വിക്കറ്റുമായി ശിഖ പാണ്ഡെയും മികച്ച പിന്തുണ നല്‍കി. ഗുജറാത്തിന്റെ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 32 റണ്‍സെടുത്ത കിം ഗര്‍ത്താണ് ടോപ് സ്കോറര്‍.