മുംബൈ: പ്രഥമ വനിത പ്രീമിയര്‍ ലീഗിലെ (ഡബ്ല്യുപിഎല്‍) കലാശപ്പോരാട്ടം നാളെ. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഫോമാണ് മുംബൈയെ വലയ്ക്കുന്ന പ്രധാന ഘടകം. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നേടിയ ഹര്‍മന്‍ പിന്നീട് കാര്യമായി ശോഭിച്ചിട്ടില്ല.
എലിമിനേറ്ററില്‍ യുപി വാരിയേഴ്സിനെതിരെ കേവലം 14 റണ്‍സ് മാത്രമായിരുന്നു ഹര്‍മന് നേടാനായത്. നാറ്റ് സീവര്‍ ബ്രണ്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും (38 പന്തില്‍ 72) ഇസി വോങ്ങിന്റെ ബോളിങ് മികവുമാണ് (15 റണ്‍സിന് നാല് വിക്കറ്റ്) മുംബൈക്ക് തുണയായത്. ഡബ്ല്യുപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കാനും വോങ്ങിനായി.
ഓസീസ് ഇതിഹാസം മെഗ് ലാനിങ്ങിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മങ്ങിയെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തുകയായിരുന്നു. പോയിന്റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി ഒന്നാമതെത്തി നേരിട്ട് ഫൈനലിലെത്താനും ഡല്‍ഹിക്കായി. നെറ്റ് റണ്‍ റേറ്റാണ് ഡല്‍ഹിയെ ഒന്നാമതെത്താന്‍ സഹായിച്ചത്.
ഫൈനല്‍ നടക്കാനിരിക്കുന്ന ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മുംബൈക്കാണ് ആധിപത്യം. ബ്രാബോണില്‍ കളിച്ച മൂന്നിലും ഹര്‍മനും കൂട്ടരും വിജയിച്ചു. ഡല്‍ഹിക്ക് മൂന്നില്‍ രണ്ട് വിജയമാണ് നേടാനായത്.
ഓള്‍റൗണ്ടര്‍മാരുടെ മികവാണ് മുംബൈയുടെ പ്രധാന കരുത്ത്. നാറ്റ് സീവര്‍ (272 റണ്‍സ്, 10 വിക്കറ്റ്), ഹീലി മാത്യൂസ് (258 റണ്‍സ്, 13 വിക്കറ്റ്), അമേലിയ കേര്‍ (135 റണ്‍സ്, 13 വിക്കറ്റ്) എന്നിവരാണ് ഹര്‍മന്റെ അസ്ത്രങ്ങള്‍. ബോളിങ്ങില്‍ സൈക ഇഷാഖ് (15 വിക്കറ്റ്), വോങ് (13 വിക്കറ്റ്) തുടങ്ങിയവരും മികവ് പുലര്‍ത്തുന്നു.
മറുവശത്ത് ഡല്‍ഹിയുടെ കരുത്ത് മെഗ് ലാനിങ്ങ് തന്നെയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ 310 റണ്‍സാണ് താരം നേടിയത്. ഷഫാലി വര്‍മ (241 റണ്‍സ്), ആലിസ് ക്യാപ്സി (159 റണ്‍സ്), മരിസാന്‍ കാപ്പ് (159 റണ്‍സ്) എന്നിവര്‍ ലാനിങ്ങിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. ബോളിങ്ങില്‍ ശിഖ പാണ്ഡെ (10 വിക്കറ്റ്), കാപ്പ് (9 വിക്കറ്റ്) എന്നിവരിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ.