ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരായ ആധികാരിക ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ജൂണിലാണ് കലാശപ്പോര്.
66.67 ശതമാനം പോയിന്റായിരുന്നു മൂന്നാം ടെസ്റ്റിന് മുന്‍പ് ഓസ്ട്രേലിയക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഒന്‍പത് വിക്കറ്റ് ജയത്തോടെ 68.52 ശതമാനം പോയിന്റായി ഉയര്‍ന്നതാണ് ഓസീസിനെ ഫൈനലിലേക്ക് എത്തിച്ചത്.
തോല്‍വി സംഭവിച്ചെങ്കിലും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ മങ്ങിയിട്ടില്ല. 60.29 ശതമാനം പോയിന്റുമായി ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ റണ്ടാം സ്ഥാനത്ത്. പരമ്പരയിലെ അവസാന മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കാം.
അല്ലെങ്കില്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും ഫൈനല്‍ പ്രവേശനം. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 53.33 ശതമാനം പോയിന്റാണുള്ളത്. ന്യൂസിലന്‍ഡിനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത പരമ്പര.
ന്യൂസിലന്‍ഡിനെതിരായ പരമ്പര ശ്രീലങ്കയ്ക്ക് നിര്‍ണായകമാണ്. ഇന്ത്യ ഓസ്ട്രേലിയയോട് നാലാം ടെസ്റ്റ് തോല്‍ക്കുകയും ന്യൂസിലന്‍ഡിനെ 2-0 ന് കീഴടക്കുകയും ചെയ്താല്‍ ശ്രീലങ്കയ്ക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതയുണ്ട്.