ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഇപ്പോൾ യുകെയിലാണ്. ലോകകപ്പിന് മുന്നോടിയായുളള ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം ഇന്നു ബംഗ്ലാദേശിനെതിരെയാണ്. രണ്ടാം സന്നാഹ മത്സരത്തിനായി ലണ്ടനിൽനിന്നും കാർഡിഫിലേക്കുളള ടീം ബസിലെ യാത്രയ്ക്കിടെ രോഹിത് ശർമ്മ ഇന്ത്യൻ ടീം അംഗം കേദാർ ജാദവ് ഒളിപ്പിച്ചുവച്ചൊരു രഹസ്യം പരസ്യമാക്കി.
ക്രിക്കറ്റ് താരങ്ങൾ പരസ്യങ്ങളിൽ അഭിനയിക്കുന്നത് സർവ്വസാധാരണമാണ്. പക്ഷേ കേദാർ ജാദവ് ഒരു പടി കൂടി കടന്ന് ബോളിവുഡിലേക്ക് കടക്കാനുളള നീക്കത്തിലാണ്. ‘റെയ്സ് 4’ സിനിമയിൽ കേദാർ ജാദവ് അഭിനയിക്കുന്നുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ ചോദ്യം രോഹിത് ശർമ്മയാകട്ടെ കേദാർ ജാദവിനോട് ചോദിച്ചു. ഇതിനു കേദാർ ജാദവ് സത്യസന്ധമായി മറുപടി നൽകുകയും ചെയ്തതു.
ടീം ബസിലെ യാത്രയ്ക്കിടെ പകർത്തിയ ദൃശ്യങ്ങൾ രോഹിത് ശർമ്മ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. കാർഡിഫിലേക്കുളള യാത്രയ്ക്കിടെ വഴിയോരത്തെ മനോഹര കാഴ്ചകളാണ് രോഹിത് ആദ്യം ആരാധകർക്കായി പകർത്തിയത്. പിന്നാലെ തന്റെ അടുത്തിരുന്ന രവീന്ദ്ര ജഡേജയെയും കേദാർ ജാദവിനെയും പരിചയപ്പെടുത്തി. ആദ്യ സന്നാഹ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയെ രോഹിത് അഭിനന്ദിച്ചു.
ജഡേജയോട് സംസാരിച്ചശേഷം കേദാർ ജാദവിനോട് സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന വാർത്തകളെക്കുറിച്ചു ചോദിച്ചു. നമ്മുടെ പുതിയ ‘റെയ്സ് 4’ നടൻ എന്നാണ് കേദാർ ജാദവിനെ രോഹിത് പരിചയപ്പെടുത്തിയത്. ‘റെയ്സ് 4’ ൽ അതിഥി വേഷത്തിൽ കേദാർ ജാദവ് എത്തുന്നുണ്ടെന്ന് കേൾക്കുന്നുണ്ടല്ലോയെന്ന് രാഹുൽ ചോദിച്ചു. രോഹിത്തിന്റെ ചോദ്യത്തിന് കേദാർ ജാദവിന്റെ മറുപടി ഇങ്ങനെ: ”അതെ, പക്ഷേ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ചർച്ച നടത്തുന്നുണ്ട്.”
കേദാർ ജാദവ് അഭിനേതാകുന്നുവെന്നതിന്റെ സന്തോഷവും കൗതുകവും രോഹിത് മറച്ചുവച്ചില്ല. കേദാർ ജാദവ് അഭിനയിക്കുന്നതു കാണാൻ കാത്തിരിക്കുന്നുവെന്നും എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും രോഹിത് പറഞ്ഞു.
കാർഡിഫിലെ സോഫിയ ഗാർഡൻസിലാണ് ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരം. ജൂൺ 5 നാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.