scorecardresearch
Latest News

Women’s U19 World Cup Final: ഇന്ത്യന്‍ വനിതകള്‍ക്ക് പട്ടാഭിഷേകം; ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകിരീടം

ഫൈനലില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്

India, England
Photo: Facebook/ Indian Cricket Team

Women’s U19 T20 World Cup 2023, IND vs ENG Score Updates: പ്രഥമ അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വനിത ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ലോകകിരീടം സ്വന്തമാക്കുന്നത്.

കളിയിലെ താരം: തിതാസ് സധു (നാല് ഓവറില്‍ ആറ്‍ റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ്)

ടൂര്‍ണമെന്റിന്റെ താരം: ഗ്രേസ് സ്ക്രീവന്‍സ് (293 റണ്‍സ്, എട്ട് വിക്കറ്റ്)

69 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഷഫാലി വര്‍മ ഉജ്വല തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഏറെ നേരം ക്രീസില്‍ തുടരാന്‍ ഷഫാലിക്കായില്ല. 11 പന്തില്‍ 15 റണ്‍സെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങി. പിന്നാലെ തന്നെ ടൂര്‍ണമെന്റില്‍ ഉജ്വല ഫോമില്‍ തുടര്‍ന്ന ശ്വേത സെഹ്രാവത്തിനേയും (5) ഇംഗ്ലണ്ട് പവലിയനിലേക്ക് അയച്ചു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ സൗമ്യ തീവാരിയും ഗൊങ്കാദി ത്രിഷയും ചേര്‍ന്ന് കൂടുതല്‍ അപകടങ്ങളിലേക്ക് പോകാതെ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ അടുപ്പിച്ചു. മൂന്നാം വിക്കറ്റില്‍ 46 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. കിരീടത്തിന് മൂന്ന് റണ്‍സ് അകലെ ത്രിഷയെ (24) അലക്സ സ്റ്റോണ്‍ഹൗസ് ബൗള്‍ഡാക്കി. സൗമ്യയാണ് ടീമിനായി വിജയ റണ്‍ നേടിയത്.

തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 17.1 ഓവറില്‍ 68 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി തദാസ് സധു, അര്‍ച്ചന ദേവി, പര്‍ശവി ചോപ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 19 റണ്‍സെടുത്ത റൈന മക്ഡൊണാള്‍ഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

ഫൈനലിന്റെ സമ്മര്‍ദം തുടക്കം മുതല്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ പ്രകടമായിരുന്നു. ടൂര്‍ണമെന്റിലുടനീളം ബോളിങ്ങില്‍ കാഴ്ചവച്ച സ്ഥിരത ഫൈനലിലും ഇന്ത്യ ആവര്‍ത്തിച്ചു.

മത്സരത്തിന്റെ നാലാം പന്തില്‍ ലിബേര്‍ട്ടി ഹീപ്പിനെ (0) സ്വന്തം ബോളിങ്ങില്‍ ക്യാച്ചെടുത്ത് സധുവാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ചീട്ടുകൊട്ടാരം പോലെ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു.

പവര്‍പ്ലെയ്ക്കുള്ളില്‍ തന്നെ ഗ്രേസ് സ്ക്രിവന്‍സ് (4), ഫിയോണ ഹോളണ്ട് (10) എന്നിവരേയും ഇംഗ്ലണ്ടിന് നഷ്ടമായി. പിന്നാലെയെത്തിയ ഒരു സഖ്യത്തേയും കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല.

സ്മെയില്‍ (3), മക്ഡൊണാള്‍ഡ് (19), ചാരിസ് പാവലി (2), അലക്സ സ്റ്റോണ്‍ഹൗസ് (11), ജോസി ഗ്രോവ്സ് (4), ഹന്ന ബേക്കര്‍ (0), സോഫിയ സ്മെയില്‍ (11) എന്നിവര്‍ക്കാര്‍ക്കും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല.

നാല് ഓവറില്‍ കേവലം ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് സധു രണ്ട് വിക്കറ്റ് നേടിയത്. പര്‍ശവി നാല് ഓവറില്‍ 13 റണ്‍സാണ് വിട്ട് നല്‍കിയത്, രണ്ട് വിക്കറ്റും പിഴുതു. ഷഫാലി വര്‍മ, മന്നത് കശ്യപ്, സോനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Womens u19 t20 world cup 2023 ind vs eng score updates