Women’s T20 World Cup 2023 Final, Australia vs South Africa Score Updates: ഐസിസി വനിത ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് പരാജയപ്പെടുത്തി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഓസീസ് കിരീടം നേടുന്നത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 137 റണ്‍സില്‍ അവസാനിച്ചു. ആതിഥേയര്‍ക്കായി ലോറ 48 പന്തില്‍ 61 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് അതിവേഗത്തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ എലിസെ ഹീലിക്കും ബെത്ത് മൂണിക്കും സാധിച്ചിരുന്നില്ല. സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെ വന്നതോടെ ഹീലി സമ്മര്‍ദത്തിലാവുകയും മാരിസാന്‍ കാപ്പിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. 20 പന്തില്‍ 18 റണ്‍സായിരുന്നു ഹീലിയുടെ സമ്പാദ്യം.
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിന് പകരം ആഷ് ഗാര്‍ഡനര്‍ എത്തി. മൂണിയെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ വലച്ചെങ്കിലും ഗാര്‍ഡനര്‍ അനായാസം ബാറ്റ് വീശി. ആറിന് താഴെയെത്തിയ റണ്‍ റേറ്റ് ഏഴിനടുത്ത് എത്തിച്ചാണ് ഗാര്‍ഡനര്‍ പവലിയനിലേക്ക് മടങ്ങിയത്. മൂണിയുമൊത്ത് 46 റണ്‍സാണ് ഗാര്‍ഡനര്‍ ചേര്‍ത്തത്.
21 പന്തില്‍ രണ്ട് വീതം ഫോറും സിക്സുമടിച്ച് 29 റണ്‍സുമായി ഗാര്‍ഡനര്‍ മടങ്ങിയപ്പോള്‍ സ്കോര്‍ 82-2. ഗാര്‍ഡനര്‍ മടങ്ങിയതിന് പിന്നാലെ പതിയെ മൂണി താളം കണ്ടെത്തുന്നതായിരുന്നു കണ്ടത്. 31 പന്തില്‍ 30 റണ്‍സുമായി സമ്മര്‍ദത്തില്‍ ഒതുങ്ങിയ മൂണിയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പിറന്നു. നാലാമതായി എത്തിയ ഗ്രേസ് ഹാരിസ് 10 റണ്‍സില്‍ പുറത്തായി.
പിന്നീടെത്തിയ ലാനിങ്ങിനും (10) കാര്യമായ സംഭാവന നല്‍കാനായില്ല. പക്ഷെ മൂണിയുടെ ഒറ്റയാള്‍ പോരാട്ടം ഓസീസ് സ്കോര്‍ 150 കടത്തി. രണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലുകളില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന ആദ്യ താരമാകാനും ഇതിനിടയില്‍ മൂണിക്കായി. 43 പന്തിലാണ് താരം 50 കടന്നത്. അവസാന ഓവര്‍ എറിയാനെത്തിയ ഇസ്മെയിലും മൂണിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു.
ആദ്യ മൂന്ന് പന്തില്‍ ഫോറും സിക്സുമടക്കം 11 റണ്‍സ് മൂണി നേടി. എന്നാല്‍ പിന്നീടുള്ള മൂന്ന് പന്തില്‍ എലിസെ പെറി (7), ജോർജിയ വെയർഹാം (0) എന്നിവരെ ഇസ്മെയില്‍ മടക്കി. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ 53 പന്തില്‍ 74 റണ്‍സുമായി മൂണി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറും ഒരു സിക്സും താരം നേടി.
ടീമുകള്‍
ദക്ഷിണാഫ്രിക്ക: ലോറ വോൾവാർഡ്, ടാസ്മിൻ ബ്രിട്ട്‌സ്, മാരിസാൻ കാപ്പ്, ക്ലോ ട്രിയോൺ, നദീൻ ഡി ക്ലർക്ക്, സുനെ ലൂസ്, അനെകെ ബോഷ്, സിനാലോ ജഫ്ത, ഷബ്നിം ഇസ്മായിൽ, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ
ഓസ്ട്രേലിയ: അലിസ ഹീലി, ബെത്ത് മൂണി, മെഗ് ലാനി, ആഷ്‌ലീ ഗാർഡനര്‍, ഗ്രേസ് ഹാരിസ്, എലിസെ പെറി, താലിയ മഗ്രാത്ത്, ജോർജിയ വെയർഹാം, ജെസ് ജോനാസെൻ, മേഗൻ ഷട്ട്, ഡാർസി ബ്രൗൺ