മുംബൈയിലെ മൈതാനങ്ങള്‍ കീഴടക്കിയ ശീലമായിരുന്നു വൃന്ദ റാഠിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ന്യൂസിലന്‍ഡിന്റെ രാജ്യാന്തര തലത്തിലുള്ള അമ്പയര്‍ കാത്തി ക്രോസുമായുള്ള കണ്ടുമുട്ടല്‍ പിച്ചിന് പുറത്തേക്ക് വൃന്ദയെ എത്തിച്ചു.
തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് അമ്പയര്‍മാരെ തേടിയപ്പോഴാണ് ജനനി നാരയണന് സോഫ്റ്റ്വെയർ ജോലി ഉപേക്ഷിച്ച് സ്റ്റമ്പിന് പിന്നിലെ സ്ഥാനം ഏറ്റെടുത്തത്. ഗായത്രി വേണുഗോപാലിന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ ഇല്ലാതാക്കിയത് തോളിനേറ്റ പരുക്കായിരുന്നു. എന്നാല്‍ മൈതാനത്ത് നിന്ന് വിടപറയാന്‍ ഗായത്രി തയാറായില്ല.
മൂവരും ഇനി നിയന്ത്രിക്കുക രഞ്ജി ട്രോഫി മത്സരങ്ങളായിരിക്കും. “മുന്നോട്ട് പോകുമ്പോൾ, വനിതാ അമ്പയർമാർക്ക് രഞ്ജി ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അവസരം ലഭിക്കും. ഇതൊരു തുടക്കം മാത്രമാണ്. പുരുഷ വിഭാഗത്തിലും അവർക്ക് അവസരം നൽകാൻ ബിസിസിഐ തീരുമാനിച്ചു,” ബിസിസിഐ ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വ്യന്ദ, ജനനി, ഗായത്രി എന്നിവര്‍ രണ്ടാം റൗണ്ട് മുതലായിരിക്കും കളി നിയന്ത്രിക്കുക. ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പര നിയന്ത്രിക്കേണ്ടതിനാലാണ് ആദ്യം ഘട്ട മത്സരങ്ങള്‍ മൂവര്‍ക്കും നഷ്ടമാകുന്നത്. ബിസിസിഐ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരവധി സംസ്ഥാനങ്ങള്‍ പുരുഷ വിഭാഗം മത്സരങ്ങളുടെ നിയന്ത്രണ ചുമതല വനിത അമ്പയര്‍മാര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ സുപ്രധാന ടൂര്‍ണമെന്റുകളില്‍ ബിസിസിഐ ഇതുവരെ വനിത അമ്പയര്‍മാര്‍ക്ക് അവസരം നല്‍കിയിട്ടില്ല.
പേസ് ബോളറായിരുന്ന വൃന്ദ മുംബൈ സര്‍വകലാശാലയെ പ്രതിനിധീകരിച്ചാണ് കളിച്ചിട്ടുള്ളത്. പ്രാദേശിക മത്സരങ്ങളുടെ സ്കോററുടെ ചുമതലയായിരുന്നു വൃന്ദയ്ക്ക്. (സ്കോറര്‍: സ്കോര്‍ബോര്‍ഡ് നിയന്ത്രണം; റണ്‍സ്, വിക്കറ്റുകള്‍, മറ്റ് വിവരങ്ങള്‍ രേഖപ്പെടുത്തുക). 2010 ബിസിസിഐ സ്കോറര്‍ പരീക്ഷ പാസായ വൃന്ദ 2013-ലെ വനിതാ ലോകകപ്പില്‍ ചുമതല വഹിച്ചു. അവിടെ വച്ചാണ് കാത്തി ക്രോസുമായുള്ള കണ്ടുമുട്ടല്‍.
36-കാരിയായ ജനനിയാവട്ടെ ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല, എന്നാല്‍ കളിയോട് താത്പര്യമുണ്ടായിരുന്നു. 2009, 2012 വര്‍ഷങ്ങളില്‍ അമ്പയറാവാനുള്ള അപേക്ഷ നല്‍കാനുള്ള ശ്രമം നടത്തിയെങ്കിലും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ നിയമങ്ങള്‍ അനുവദിച്ചിരുന്നില്ല. പിന്നീട് 2015-ലാണ് അസോസിയേഷന് നിയമങ്ങള്‍ മാറ്റിയതും ജനനിക്കായി വാതില്‍ തുറന്നതും. 2018-ല്‍ ബിസിസിഐയുടെ ലെവല്‍ 2 പാസായതിന് ശേഷമാണ് ജനനി ജോലി വിട്ടത്.