Women T20 World Cup 2023: India vs West Indies Score Updates: വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. 32 പന്തില്‍ 44 റണ്‍സെടുത്ത റിച്ച ഘോഷാണ് ടോപ് സ്കോറര്‍.
ഹര്‍മന്‍പ്രീത് കൗര്‍ (32), ഷെഫാലി വര്‍മ (28), സ്മ്യതി മന്ദാന (10), ജമീമ റോഡ്രിഗസ് (1) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 118 റണ്‍സെടുത്തത്. മൂന്ന് വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് ബോളിങ് നിരയില്‍ തിളങ്ങിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ടാം ഓവറില്‍ ഹെയിലി മാത്യൂസിനെ (2) പൂജ വസ്ത്രാക്കര്‍ പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സ്റ്റെഫാനി ടെയ്ലറും ഷെമെയിന്‍ ക്യാമ്പ്ബെല്ലെയും ചേര്‍ന്ന് ഇന്നിങ്സിന് അടിത്തറ പാകുകയായിരുന്നു. എന്നാല്‍ സ്കോറിങ്ങിന് വേഗം കൂട്ടാനായില്ല.
ഷെമെയിനിനേയും (30) സ്റ്റെഫാനിയേയും (42) 14-ാം ഓവറില്‍ മടക്കി ദീപ്തി ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ എത്തിയ ചിനെല്ലെ ഹെൻറി റണ്ണൗട്ടായതോടെ വിന്‍ഡീസ് പരുങ്ങലിലായി. ചെഡിയൻ നേഷൻ – ഷാബിക ഗജ്നബി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് വിന്‍ഡീസ് സ്കോര്‍ 100 കടത്തിയത്. ഷാബികയെ (15) രേണുക സിങ് ബൗള്‍ഡാക്കുകയായിരുന്നു.
അവസാന ഓവറില്‍ അഫ്ലി ഫ്ലെച്ചറായിരുന്നു ദീപ്തിയുടെ മൂന്നാമത്തെ ഇര. ഫ്ലെച്ചറിന്റെ വിക്കറ്റോടെ ട്വന്റി 20 കരിയറില്‍ 100 വിക്കറ്റ് തികയ്ക്കാനും ദീപ്തിക്കായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്. രേണുക സിങ്ങും പൂജയുമാണ് മറ്റ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.