ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷം സൂര്യകുമാര്‍ യാദവിന് ടെസ്റ്റിലും അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ടെസ്റ്റിലും തിളങ്ങാനുള്ള മികവ് സൂര്യക്കുണ്ടെന്നാണ് റെയ്നയുടെ അഭിപ്രായം.
“സൂര്യയുടെ പ്രകടനം അനുസരിച്ച് അവന്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കണം. അവനില്ലാതെ മൂന്ന് ഫോര്‍മാറ്റുകളും നിലനില്‍ക്കില്ല. ഭയമില്ലാതെയാണ് അവന്റെ കളി. മൈതാനമറിഞ്ഞാണ് ഷോട്ടുകളെല്ലാം,” വൈകോം 18 സ്പോര്‍ട്സില്‍ ആകാശ് ചോപ്രയുമായുള്ള സംഭാഷണത്തിലാണ് റെയ്ന ഇക്കാര്യം വ്യക്തമാക്കിയത്.
“അവനൊരു മുംബൈ താരമാണ്. എങ്ങനെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് അവനറിയാം. ടെസ്റ്റ് കളിക്കുന്നതിലൂടെ അവന് ഏകദിനത്തില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കാനാകും. സെഞ്ചുറിയും ഇരട്ടസെഞ്ചുറിയുമെല്ലാം അനായാസം അവന് നേടാനാകും,” റെയ്ന കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും റെയ്നയുടെ അഭിപ്രായം ശരിവച്ചു.
“അവന്‍ തീര്‍ച്ചയായും ടെസ്റ്റ് ടീമിലുണ്ടാകണം. അവന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഉള്‍പ്പടേണ്ടതാണ്. ഇത്തരം ചോദ്യങ്ങള്‍ പോലും ഉയരേണ്ടതില്ല,” ഓജ പറഞ്ഞു.
എന്നാല്‍ മുന്‍ താരം അഭിനവ് മുകുന്ദ് ഇരുവരുടേയും അഭിപ്രായത്തിനോട് വിയോജിച്ചു. ഫോമിലുള്ള സര്‍ഫറാസ് ഖാനായിരിക്കണം അവസരം നല്‍കേണ്ടത് അഭിനവ് പറഞ്ഞു.
“സര്‍ഫറാസ് ഖാന്‍ മികച്ച ഫോമിലാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെങ്കിലും അവസരം നല്‍കേണ്ടതായിരുന്നു. ട്വന്റി 20-യില്‍ സൂര്യുകുമാര്‍ മികവ് പുലര്‍ത്തുന്നുണ്ട്. ടെസ്റ്റിലും സൂര്യയില്‍ നിന്ന് അതാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഞാന്‍ സര്‍ഫറാസിനൊപ്പമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.