മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് അക്ഷരാര്‍ത്ഥത്തില്‍ തീപടരും. ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണിത്. ചിരവൈരികളുടെ മത്സരങ്ങള്‍ കാണാന്‍ ഗ്യാലറിയിലും ടിവിയ്ക്ക് മുന്നിലുമെത്തുന്നവരുടേയും കണക്ക് കണ്ട് ലോകം ഞെട്ടാറുണ്ട്. ഈ സമ്മര്‍ദ്ദം താരങ്ങളും നല്ലവണ്ണം അനുഭവിക്കാറുണ്ട്. അത്തരത്തില്‍ സമ്മര്‍ദ്ദത്തിന്റെ പുറത്ത് ചെയ്‌തൊരു അബദ്ധത്തിന്റെ കഥയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന് പറയാനുള്ളത്.

സംഭവം നടക്കുന്നത് 16 വര്‍ഷം മുമ്പ് 2003 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴുമാണ്. സച്ചിന്റെ പ്രശസ്തമായ 98 റണ്‍സിന്റെ ഇന്നിങ്‌സായിരുന്നു ഈ മത്സരത്തെ എല്ലാ കാലത്തേക്കും ഓര്‍ത്തുവെക്കുന്ന ഒന്നാക്കി മാറ്റിയത്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു മോശം സംഭവവും അന്നുണ്ടായി. ഹര്‍ഭജന്‍ സിങ്ങും മുഹമ്മദ് യൂസുഫും പരസ്പരം ആക്രമിക്കാന്‍ ഒരുങ്ങിയ സംഭവമാണത്. ഇന്നതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അന്ന് വസീം അക്രമും രാഹുല്‍ ദ്രാവിഡും ശ്രീനാഥും ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ വലിയൊരു പ്രശ്‌നമായി മാറുമായിരുന്നുവെന്ന് ഹര്‍ഭജന്‍ പറയുന്നു.

‘ഒരു തമാശയിലാണ് തുടങ്ങിയത്. പിന്നെ കൈവിട്ട് പോവുകയായിരുന്നു. അന്ന് കളിച്ചത് കുംബ്ലെയായിരുന്നു. അതുകൊണ്ട് ഞാന്‍ ടീമിലുണ്ടായിരുന്നില്ല. അതെന്നെ വേദനിപ്പിച്ചിരുന്നു. പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും അങ്ങനെ തോന്നും” ഹര്‍ഭജന്‍ സംസാരിച്ചു തുടങ്ങുന്നു.

”ലഞ്ചിനിടെയാണ് സംഭവം. ഞാന്‍ ഒരു ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. നേരെ എതിരുള്ള ടേബിളിലായിരുന്നു യൂസുഫും ഷൊയ്ബ് അക്തറുമിരുന്നത്. ഞങ്ങള്‍ പഞ്ചാബിയില്‍ സംസാരിക്കുകയായിരുന്നു. രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി. ഇതിനിടെ യൂസുഫ് എന്നെ കുറിച്ച് വ്യക്തിപരമായ ഒരു കമന്റ് പറഞ്ഞു. പിന്നെ എന്റെ മതത്തെ കുറിച്ചും. ഞാന്‍ തിരിച്ചടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകും മുമ്പ് തന്നെ ഞങ്ങള്‍ രണ്ടും കൈയ്യില്‍ ഫോര്‍ക്കുമായി സീറ്റില്‍ നിന്നും എഴുന്നേറ്റിരുന്നു. പരസ്പരം ആക്രമിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു” ചിരിച്ചു കൊണ്ട് ഹര്‍ഭജന്‍ പറയുന്നു.

”രാഹുലും ശ്രീനാഥും എന്നെ തടഞ്ഞു. വസീം ഭായിയും സയ്യിദ് ഭായിയും യൂസുഫിനെ കൂട്ടിക്കൊണ്ടു പോയി. സീനയേഴ്‌സ് ഞങ്ങളുടെ പെരുമാറ്റത്തില്‍ ദേഷ്യപ്പെട്ടു. ഇത് ശരിയല്ലെന്ന് പറഞ്ഞു. 16 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ യൂസുഫിനെ കാണുമ്പോള്‍ ഞങ്ങള്‍ അന്നത്തെ കഥ പറഞ്ഞ് ചിരിക്കാറുണ്ട്.” ഹര്‍ഭജന്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook