scorecardresearch
Latest News

ലോകകപ്പ് ടീമില്‍ സഞ്ജു എന്തുകൊണ്ട് ഇടം പിടിച്ചില്ല? കാരണങ്ങള്‍

പ്രധാന വിമര്‍ശനം മോശം ഫോമില്‍ തുടരുന്ന റിഷഭ് പന്തിനെ സഞ്ജുവിന് മുകളില്‍ പരിഗണിച്ചതാണ്

ലോകകപ്പ് ടീമില്‍ സഞ്ജു എന്തുകൊണ്ട് ഇടം പിടിച്ചില്ല? കാരണങ്ങള്‍
Photo: Facebook/ Sanju Samson

2022 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ വൈകിയാണ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്രതലത്തിലും ഐപിഎല്ലിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടും മലയാളി താരം സഞ്ജും സാംസണിന് ടീമില്‍ ഇടം ലഭിക്കാത്തത് ക്രിക്കറ്റ് ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തിനേയും ദിനേഷ് കാര്‍ത്തിക്കിനേയുമാണ് പരിഗണിച്ചത്.

എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിക്കാതിരുന്നു എന്നതിന് ചില വ്യക്തമായ കാരണങ്ങളുണ്ട്. പ്രധാന വിമര്‍ശനം സഞ്ജുവിന് മുകളില്‍ റിഷഭ് പന്തിനെ ടീമിലെടുത്തതിനാണ്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങുമ്പോള്‍ തന്റെ ശൈലിക്ക് ഏറ്റവും ഇണങ്ങുന്ന ട്വന്റി 20 യില്‍ റിഷഭ് പന്തിന് കാര്യമായി ശോഭിക്കാനായിട്ടില്ല.

58 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 934 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. ശരാശരി ഇരുപത്തിയഞ്ചിലും താഴെയാണ്. ഫോര്‍മാറ്റിന് ഏറ്റവും ആവശ്യം സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള കഴിവാണ്. പക്ഷെ ട്വന്റി 20യില്‍ പന്തിന്റെ പ്രഹരശേഷം കേവലം 126 മാത്രമാണ്. എന്നിട്ടും ലോകകപ്പ് ടീമില്‍ പന്തിന് സ്ഥാനമുണ്ടായിരുന്നു.

ഓസ്ട്രേലിയന്‍ പിച്ചുകളില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് പന്തിനെ തുണച്ച ഘടകങ്ങളില്‍ ഒന്ന്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ പന്തിന് സാധിച്ചിരുന്നു. ഗാബയിലെയടക്കം പുറത്താകാതെ 89 റണ്‍സ് നേടിയ പ്രകടമൊന്നും ക്രിക്കറ്റ് ലോകത്തിന് വിസ്മരിക്കാനാകില്ല.

മറ്റൊന്ന് പന്ത് ഇടം കയ്യന്‍ ബാറ്ററാണെന്നുള്ളതാണ്. ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ പരിശോധിച്ചാല്‍ ഇടം കയ്യന്‍ ബാറ്ററായി പന്ത് മാത്രമാണുള്ളത്. മറ്റൊരാള്‍ ഓള്‍ റൗണ്ടറായ അക്സര്‍ പട്ടേലാണ്. മധ്യനിരയില്‍ ഒരു ഇടം കയ്യന്‍ ബാറ്ററുടെ സാന്നിധ്യം നിര്‍ണായകമാണ്.

ബാറ്റിങ് നിരയില്‍ സഞ്ജുവിന് പിന്നീട് മത്സരിക്കാനുണ്ടായിരുന്നത് ദീപക് ഹൂഡയോടായിരുന്നു. ഏഷ്യ കപ്പില്‍ കാര്യമായ സംഭാവന നല്‍കാന്‍ ഹൂഡയ്ക്ക് കഴിഞ്ഞില്ലെങ്കിലും സമീപകാല പ്രകടനങ്ങള്‍ മികച്ചതായിരുന്നു. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും താരം നേടിയിരുന്നു.

രവീന്ദ്ര ജഡേജ എന്ന ഓള്‍ റൗണ്ടറുടെ അഭാവത്തില്‍ പന്തെറിയാന്‍ കഴിയുന്ന മറ്റൊരാളുടെ സാന്നിധ്യം നായകന്‍ രോഹിത് ശര്‍മയുടെ തലവേദന അല്‍പ്പം കുറയ്ക്കുകയും ചെയ്യും. മധ്യ ഓവറുകളില്‍ ഓഫ് സ്പിന്നറായ ഹൂഡയ്ക്ക് വിക്കറ്റുകള്‍ വീഴ്ത്താനും സാധിക്കും.

ലോകകപ്പ് ടീമിലേക്ക് പരിക്കില്‍ നിന്ന് മുക്തി നേടിയ സൂപ്പര്‍ താരങ്ങളായ ജസ്പ്രിത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ബോളിങ് നിരയുടെ വ്യാപ്തി കൂട്ടാന്‍ ഇത് സഹായിക്കും. ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ ത്രയത്തെയായിരിക്കും ഇന്ത്യ ലോകകപ്പിനിറക്കുക. ഹര്‍ഷലിന്റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും അര്‍ഷദീപിന്റെ സാധ്യതകള്‍.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Why sanju samson did not find a place in t20 world cup team