ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ കുട്ടിക്രിക്കറ്റിലും ആധിപത്യം സ്ഥാപിക്കാനിറങ്ങിയിരിക്കുകയാണ് രോഹിത് ശര്‍മയും കൂട്ടരും. ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ച എട്ട് താരങ്ങളാണ് ടീമിലേക്ക് മടങ്ങിയത്. എന്നാല്‍ ആദ്യ ട്വന്റി 20 ക്കിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ ഘടനയെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനും ക്യാപ്റ്റനുമായിരുന്നു ക്രിഷ്ണമചാരി ശ്രീകാന്ത്.
ദീപക് ഹൂഡയെ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. അടുത്തിടെ നടന്ന ഏകദിന-ട്വന്റി 20 പരമ്പരകളിലെ ഹൂഡയുടെ പ്രകടനം ചൂണ്ടിക്കാണിച്ചായിരുന്നു മുന്‍താരത്തിന്റെ വിമര്‍ശനം ഉയര്‍ന്നത്. ഫാന്‍ കോഡിനോടായിരുന്നു പ്രതികരണം.
“ഹൂഡ എവിടെ? ട്വന്റി 20യിലും ഏകദിനത്തിലും അവന് മികവ് കാണിച്ചു. ടീമിലുണ്ടാകാന്‍ അര്‍ഹതയുള്ള താരമാണവന്‍. ട്വന്റി 20 ക്രിക്കറ്റില്‍ ഓള് റൗണ്ടര്‍മാരുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് മനസിലക്കേണ്ട കാര്യമാണ്. ബാറ്റിങ് ഓള് റൗണ്ടര്‍മാര്‍, ബോളിങ് ഓള് റൗണ്ടര്‍മാര്‍. ഓള് റൗണ്ടര്‍മാര്‍ എത്രയുണ്ടോ അത്രയും നല്ലത്,” ശ്രീകാന്ത് വിശദീകരിച്ചു.
ശ്രേയസ് അയ്യര്‍ക്ക് മുകളില്‍ മധ്യനിരയില്‍ ഹൂഡയെ പരിഗണിക്കണമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
2022 ല്‍ നടന്ന നാല് ട്വന്റി 20 കളില്‍ നിന്ന് 205 റണ്‍സാണ് ഹൂഡ നേടിയത്. 172.66 പ്രഹരശേഷിയും 68.33 ശരാശരിയും താരത്തിന്റെ മികവ് എത്രത്തോളമാണെന്ന് തെളിയിക്കുന്നു. മറുവശത്ത് 10 കളികളില്‍ നിന്ന് 351 റണ്‍സാണ് അയ്യരുടെ സമ്പാദ്യം.