ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള രണ്ട് താരങ്ങളാണ് സൗരവ് ഗാംഗുലിയും എം എസ് ധോണിയും. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. രാജകുമാരൻ സൂപ്പർ കിങ്ങിനെ കണ്ടുമുട്ടിയപ്പോൾ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഒരിക്കല്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കാനൊരുങ്ങുകയാണ് ധോണി. കഴിഞ്ഞ സീസണില്‍ രവീന്ദ്ര ജഡേജയായിരുന്നു ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ ടീം തുടര്‍ തോല്‍വികള്‍ ഏറ്റു വാങ്ങിയതോടെ ധോണിയിലേക്ക് നായക സ്ഥാനം തിരിച്ചെത്തുകയായിരുന്നു.
2021-ല്‍ കിരീടം സ്വന്തമാക്കിയ ചെന്നൈ കഴിഞ്ഞ സീസണില്‍ ഒൻപതാം സ്ഥാനത്തായിരുന്നു ലീഗ് ഘട്ടം അവസാനിപ്പിച്ചത്.
നായകസ്ഥാനത്തേക്കുള്ള ധോണിയുടെ മടങ്ങി വരവ് ടീമിന്റെ തലവര മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്കാണ് ഇത്തവണത്തെ മെഗാ താരലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടറായി ഗാംഗുലി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2019 ഐപിഎല്‍ സീസണില്‍ ഡല്‍ഹിയുടെ ഉപദേഷ്ടാവായിരുന്നു ഗാംഗുലി. പിന്നീട് ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തയതോടെയാണ് രാജി വച്ചത്.