ന്യൂഡല്‍ഹി: ലഖ്നൗ ട്വന്റി 20-യില്‍ ദുഷ്കരമായ പിച്ചില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിരുന്നെന്നും ഇത്തരം കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലെന്നും ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. നിങ്ങള്‍ ഏത് പിച്ചില്‍ കളിക്കുന്നു എന്നതല്ല കാര്യം, സാഹചര്യം മനസിലാക്കി കളിക്കുക എന്നതാണ് പ്രധാനമെന്നും സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
“വളരെ ആവേശകരമായിരുന്നു രണ്ടാം ട്വന്റി 20. സാഹചര്യങ്ങളൊ ഫോര്‍മാറ്റൊ അല്ല നല്ല മത്സരം ഉണ്ടാകണം. നിങ്ങള്‍ കളത്തിലേക്ക് പോവുക, വെല്ലുവിളി സ്വീകരിക്കുക, അതിനെ നേരിടുക,” വലം കയ്യന്‍ ബാറ്റര്‍ വ്യക്തമാക്കി.
ലഖ്നൗ ട്വന്റി 20-യില്‍ 99 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡിന് നേടാനായത്. 100 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയാകട്ടെ ജയിച്ചത് അവസാന ഓവറിലും. മത്സരത്തിനിടയില്‍ ഹാര്‍ദിക്കുമായി ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങളെക്കുറിച്ചും സൂര്യകുമാര്‍ വെളിപ്പെടുത്തി.
“സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. കുറച്ചുകാലമായി ഞങ്ങള്‍ ഒരുമിച്ച് ബാറ്റ് ചെയ്യുന്നതാണ്. നല്ല കുട്ടുകെട്ടുകളും ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. നല്ല ആശയവിനിമയമാണ് പ്രധാനം. ലാസ്റ്റ് ഓവറിലെത്തുമ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം കടുത്തിരുന്നു. പരസ്പരം പിന്തുണയ്ക്കുക എന്നതായിരുന്നു തന്ത്രം. ആര്‍ക്ക് അവസരം ഒരുങ്ങുന്നുവൊ അവര്‍ കളി ജയിപ്പിക്കുക എന്ന് തീരുമാനിച്ചു,” സൂര്യകുമാര്‍ വിശദീകരിച്ചു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് സൂര്യകുമാറിന് മുന്നിലുള്ള അടുത്ത പരമ്പര. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുന്ന കാലം മുതല്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ് ടെസ്റ്റ് കളിക്കണമെന്ന് സൂര്യകുമാര്‍ പറഞ്ഞു.
“അന്താരാഷ്ട്ര ക്രിക്കറ്റിലെത്തുന്നതിന് മുന്‍പ് ഞാന്‍ ഒരുപാട് ആഭ്യന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നിരവധി ദുഷ്കരമായ പിച്ചുകളില്‍ കളിച്ച് അനുഭവം നേടാന്‍ സാധിച്ചു. ബാക്കിയെല്ലാം ഞാന്‍ മനസിലാക്കിയത് സീനിയര്‍ ടീമിലെ താരങ്ങളില്‍ നിന്നാണ്. എല്ലാ കളികളിലും എന്റെ മികച്ചത് പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്,” താരം വ്യക്തമാക്കി.