ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ വാലറ്റം മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുക്കുന്നത്. പ്രത്യേകിച്ചും സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍. പക്ഷെ വാഹനാപകടത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന യുവതാരം റിഷഭ് പന്തിന്റെ അഭാവം ടീമില്‍ എത്രത്തോളമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ.
“പന്തിന്റെ അഭാവം വലുതാണ്. പന്തിന് ബാറ്റുകൊണ്ട് എത്രത്തോളം സംഭാവന ചെയ്യാന്‍ കഴിയുമെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്പിന്നിന് അനുകൂലമായ പിച്ചില്‍ പന്ത് അസാമാന്യ മികവ് പുലര്‍ത്തിയിരുന്നു,” നാലാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.
നിര്‍ണായകമായ അഹമ്മദാബാദ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് പകരം യുവതാരം ഇഷാന്‍ കിഷന്‍ ടീമിലെത്തിയേക്കുമെന്ന് സൂചനകളുണ്ട്. ഇതിനെക്കുറിച്ചും ഇന്ത്യന്‍ നായകന്‍ പ്രതികരിച്ചു.
“പന്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇഷാനെ ടീമിലെടുത്തത്. കൂടാതെ ഇഷാന്‍ ഒരു ഇടം കയ്യന്‍ ബാറ്ററുമാണ് ആക്രമിച്ച് കളിക്കാനും സാധിക്കുന്ന താരവുമാണ്,” രോഹിത് കൂട്ടിച്ചേര്‍ത്തു.
“ഭരതിനെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ നാളായി സജീവമാണ്. രഞ്ജി ട്രോഫി, ഇന്ത്യ എ എന്നിങ്ങനെ. നിരവധി റണ്‍സും സ്കോര്‍ ചെയ്തിട്ടുണ്ട്. ഇത്തരം പിച്ചുകള്‍ വച്ച് അദ്ദേഹത്തിന്റെ നിലവാരം അളക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല,” രോഹിത് പറഞ്ഞു. പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ഭരതുമായി സംസാരിച്ചിരുന്നെന്നും രോഹിത് വ്യക്തമാക്കി.
ഒന്നൊ രണ്ടോ മത്സരങ്ങള്‍ നല്‍കി താരങ്ങളെ തഴയില്ലെന്നും, അവരുടെ കഴിവുകള്‍ ഉപയോഗിക്കാനുള്ള സമയം നല്‍കുമെന്നും രോഹിത് പറഞ്ഞു.