പാഡഴിച്ചു വച്ചിട്ട് ഏഴ് വര്‍ഷം പിന്നിട്ടിട്ടും ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായി വിലയിരുത്തപ്പെടുന്ന താരമാണ് വിരേന്ദര്‍ സേവാഗ്. വരും കാലങ്ങളിലും ഈ പേരിന് മാറ്റമുണ്ടാകാനിടയില്ല. എന്നാല്‍ തന്റെ കരിയറവസാനിപ്പിക്കാം എന്ന് തീരുമാനിച്ച ഒരു ഘട്ടം സേവാഗിനുണ്ടായിരുന്നു. 2008 ല്‍ ധോണി നായകനായിരുന്നപ്പോള്‍ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോഴാണ് താരം കടുത്ത തീരുമാനത്തിലേക്ക് കടക്കാന്‍ ഒരുങ്ങിയത്.
“2008 ല്‍ ഓസ്ട്രേലിയയിലായിരുന്നപ്പോഴാണ് റിട്ടയര്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്ത ഉണ്ടായത്. ടെസ്റ്റ് പരമ്പരയില്‍ നല്ല പ്രകടനം കാഴ്ച വച്ചെങ്കിലും ഏകദിനത്തില്‍ തിളങ്ങാനായില്ല. മൂന്ന്, നാല് കളികളില്‍ പരാജയപ്പെട്ടു. എം. എസ്. ധോണി എന്നെ ടീമില്‍ നിന്ന് പുറത്താക്കി. അപ്പോള്‍ ഏകദിനം അവസാനിപ്പിച്ച് ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കരുതി,” സേവാഗ് ക്രിക്ബസിനോട് പറഞ്ഞു.
“എന്നാല്‍ തന്റെ തീരുമാനം തിരുത്തിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വാക്കുകളാണെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു. സച്ചിന്‍ എന്നെ തടഞ്ഞു. നിന്റെ ജീവിതത്തിലെ മോശം ഘട്ടമാണിത്. കാത്തിരിക്കുക. പര്യടനത്തിന് ശേഷം വീട്ടില്‍ ചെന്ന് ആലോചിച്ച് തീരുമാനം എടുക്കുക, സച്ചിന്‍ എന്നോട് പറഞ്ഞു. ഞാന്‍ റിട്ടയര്‍മെന്റ് തീരുമാനം ഒഴിവാക്കി,” സേവാഗ് വ്യക്തമാക്കി.
പിന്നീട് 7,8 വര്‍ഷത്തോളം സേവാഗ് ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളത്തിലെത്തി. 2011 ല്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കി. സച്ചിനൊപ്പം ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു താരം കാഴ്ചവച്ചത്. പലകളിലും സച്ചിന്‍ സമ്മര്‍ദത്തിലായപ്പോള്‍ സേവാഗിന്റെ അതിവേഗ ബാറ്റിങ്ങായിരുന്നു ടീമിന് തുണയായത്.
Also Read: കളിമണ്‍ കോര്‍ട്ടിലെ ഓരേ ഒരു രാജാവ്; ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിനെ കീഴടക്കി നദാല്‍