മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ അവസാന ഓവര്‍ മുഹമ്മദ് ഷമിക്ക് നല്‍കിയ രോഹിത് ശര്‍മയുടെ തീരുമാനമാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് എത്തിയ ഷമിക്ക് ഒരു വെല്ലുവിളി നല്‍കുക എന്നതായിരുന്നു രോഹിതിന്റെ തന്ത്രം.
കോവിഡില്‍ നിന്ന് മുക്തനായി ടീമിലെത്തിയ ഷമിയുടെ ശാരീരിക ക്ഷമത സംബന്ധിച്ച് സംശയം നിലനിന്നിരുന്നു. എന്നാല്‍ 20-ാം ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കുക മാത്രമല്ല, കേവലം നാല് റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഒരു റണ്ണൗട്ടിലും ഷമി ഭാഗമായി.
പരിക്കേറ്റ സൂപ്പര്‍ താരം ജസ്പ്രിത് ബുംറയുടെ പകരക്കാരനായാണ് ഷമി ടീമിലെത്തിയത്. ബുംറയുടെ പകരക്കാനാകാന്‍ ഏറ്റവും അനുയോജ്യന്‍ താനാണെന്ന് ഷമി തെളിയിച്ചു. യോര്‍ക്കറുകളെറിഞ്ഞ് ഓസ്ട്രേലിയയുടെ വാലറ്റത്തെ താരം തകര്‍ത്തുകളഞ്ഞു.
ഷമി ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് തിരിച്ചുവരുന്നത്. ഒരു ഓവര്‍ കൊടുക്കണമെന്നായിരുന്നു മത്സരത്തിന്റെ തുടക്കം മുതലെ ഉണ്ടായിരുന്ന തീരുമാനം, രോഹിത് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
ന്യൂ ബോളില്‍ ഷമി എത്രത്തോളം അപകടകാരിയാണെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. എന്നാല്‍ ഷമിക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യം കൊടുക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അദ്ദേഹത്തിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നാം കണ്ടു, രോഹിത് കൂട്ടിച്ചേര്‍ത്തു.
സന്നാഹ മത്സരത്തില്‍ 187 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്ട്രേലിയക്കെതിരെ ഉയര്‍ത്തിയത്. സൂര്യകുമാര്‍ യാദവിന്റേയും കെഎല്‍ രാഹുലിന്റേയും അര്‍ധ സെഞ്ചുറിയാണ് ടീമിന് തുണയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ പോരാട്ടം 180 റണ്‍സില്‍ അവസാനിച്ചു.