ഹൈദരാബാദ്: 20-ാം ഓവറിലെ അവസാന പന്ത്. ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. ക്രീസില്‍ ശാര്‍ദുള്‍ ഠാക്കൂര്‍. പന്തെറിയുന്നതിന് മുന്നോടിയായി മുംബൈ നായകന്‍ രോഹിത് ശര്‍മ്മയും ബോളര്‍ ലസിത് മലിംഗയും തമ്മില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരങ്ങളാണ് രോഹിത്തും ശാര്‍ദുലും. അതുകൊണ്ട് തന്നെ നായകന് ശാര്‍ദുലിനെ എങ്ങനെ നേരിടണമെന്നതില്‍ ധാരണയുണ്ട്.

നീണ്ട നേരത്തെ ചര്‍ച്ചയ്ക്ക് ശേഷം ഓണ്‍ സൈഡ് തുറന്നിട്ടു കൊടുത്തു രോഹിത്. ശാര്‍ദുലിന്റെ കണക്കൂ കൂട്ടലുകള്‍ തെറ്റിച്ച് ലസിത് മലിംഗയുടെ സ്ലോ ബോള്‍. വിക്കറ്റിന് മുന്നില്‍ ശാര്‍ദുല്‍ കുടുങ്ങിയതോടെ ആവേശകരമായ ഫൈനില്‍ ഒരു റണ്‍സിന് വിജയിച്ച് മുംബൈ നാലാം വട്ടവും ഐപിഎല്‍ ചാമ്പ്യന്മാരായി. സമ്മര്‍ദ്ദം നിറഞ്ഞ ആ അവസാന പന്തില്‍ ശാര്‍ദുലിനെ നേരിടാന്‍ രോഹിത് ശര്‍മ്മയ്ക്കും ലസിത് മലിംഗയ്ക്കും സഹായകമായത് ഇരുവരുടേയും അനുഭവ സമ്പത്ത് മാത്രമല്ല.

”ബാറ്റ്‌സ്മാനെ പുറത്താക്കുക എന്നതായിയരുന്നു തന്ത്രം. ശാര്‍ദുലിനെ എനിക്ക് നന്നായി അറിയാം. അവന്‍ എവിടെ അടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നു. അതുകൊണ്ട് ഞാനും മലിംഗയും ചേര്‍ന്ന് സ്ലോ ബോള്‍ എറിയാന്‍ തീരുമാനിക്കുകയായിരുന്നു. അവന്‍ അടിക്കുമെന്നുറപ്പുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ക്യാച്ചിന് അവസരമൊരുങ്ങുമെന്നതായിരുന്നു പദ്ധതി” മത്സരശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.

തൊട്ട് മുമ്പുള്ള ഓവറില്‍ പ്രഹരമേറ്റ മലിംഗയെ തന്നെ അവസാന ഓവര്‍ ഏല്‍പ്പിക്കുന്നതില്‍ രോഹിത് ശര്‍മ്മയ്ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. തിരിച്ചടിയാകാന്‍ സാധ്യതയേറെയായിരുന്നു. പക്ഷെ, 2017 ലെ ഫൈനലില്‍ മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞത് പോലെ ഇത്തവണ മലിംഗയും തങ്ങളുടെ രക്ഷകനാകുമെന്ന ആത്മവിശ്വാസം രോഹിത്തിന് കൂട്ടായി ഉണ്ടായിരുന്നു.

”തീരുമാനം എടുത്ത് കഴിഞ്ഞപ്പോള്‍ നന്നായി എന്ന് തോന്നി. പക്ഷെ തിരിച്ചടിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. പക്ഷെ, അനുഭവ സമ്പത്തിലായിരുന്നു എന്റെ വിശ്വാസം. ഇതുപോലൊരു സാഹചര്യം നേരത്തെ അഭിമുഖീകരിച്ചിട്ടുള്ളയാളെയായിരുന്നു വേണ്ടിയിരുന്നത്. മലിംഗ ഇത്തരം സാഹചര്യം ഒരുപാട് തവണ നേരിട്ട താരമാണ്. അതുകൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു” മത്സരശേഷം നടന്ന പത്ര സമ്മേളനത്തില്‍ മലിംഗ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook