ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോമില്‍ തുടരുന്ന വിരാട് കോഹ്ലിക്ക് പിന്തുണയുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. റണ്‍സ് കണ്ടെത്താനാവാതെ ടീമിന് പുറത്ത് പോയ കെ എല്‍ രാഹുല്‍ മധ്യനിരയില്‍ ഇറങ്ങണമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
ദി ഐസിസി റിവ്യൂവിലാണ് പോണ്ടിങ്ങിന്റെ പ്രതികരണം. ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യ കോഹ്ലിയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും പോണ്ടിങ് പറഞ്ഞു.
“ഈ ടെസ്റ്റ് പരമ്പരയില്‍ ഒരു ബാറ്ററുടേയും ഫോം ഞാന്‍ പരിഗണിക്കുന്നില്ല, കാരണം ഒരു ബാറ്ററെ സംബന്ധിച്ച് ഈ പരമ്പര തന്നെ ഒരു പേടിസ്വപ്നമാണ്,” പോണ്ടിങ് വ്യക്തമാക്കി.
“വിരാടിനെക്കുറിച്ച് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളത്. ഒരു മികച്ച കളിക്കാരന്‍ ഫോമിലേക്ക് മടങ്ങി വരാനുള്ള മാര്‍ഗം കണ്ടെത്തും. എന്നിരുന്നാലും, നിലവില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത്ര മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല,” പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
“ഒരു ബാറ്റെറെന്ന നിലയില്‍ നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്, റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന ഘട്ടത്തില്‍ അത് ആരും പറഞ്ഞ് മനസിലാക്കേണ്ടതില്ല. അതിനെക്കുറിച്ച് ആ താരത്തിന് തന്നെ വ്യക്തമായ ബോധ്യമുണ്ടാകും. കോഹ്ലി തിരിച്ചു വരുമെന്ന് ഉറപ്പാണ്,” പോണ്ടിങ് പറഞ്ഞു.
ഓവലില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ – ഇന്ത്യ പോരാട്ടം വരാനുള്ള സാധ്യത കണക്കിലെടുത്ത് ചില ഉപദേശങ്ങളും പോണ്ടിങ് നല്‍കുന്നുണ്ട്.
“ശുഭ്മാന്‍ ഗില്‍ മുന്‍നിരയിലും രാഹുല്‍ മധ്യനിരയിലേക്കും എത്തണം. കാരണം ഇരുവരും ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കളിച്ച് പരിചയമുള്ളവരാണ്,” പോണ്ടിങ് നിര്‍ദേശിച്ചു.