ഇത്തവണത്തെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരില്ലെന്ന് വിരാട് കോഹ്ലി.ജോലിഭാരം കൂടുതലായതിനാലാണ് ടി-20 നായക സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതെന്ന് കോഹ്ലി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു. വളരെയധികം സമയമെടുത്ത ശേഷമാണ് ഈയൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും കോഹ്ലി വ്യക്തമാക്കി.
നിലവിൽ ഇന്ത്യയുടെ ടി-20, ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ കോഹ്ലിയാണ് ക്യാപ്റ്റൻ. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്ത് തുടരും.
“ഇന്ത്യയെ പ്രതിനിധീകരിക്കാൻ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എന്റെ കഴിവിന്റെ പരമാവധി നയിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ എന്റെ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്ലേയേഴ്സ്, സപ്പോർട്ട് സ്റ്റാഫ്, സെലക്ഷൻ കമ്മിറ്റി, എന്റെ പരിശീലകർ, കൂടാതെ ഞങ്ങൾ വിജയിക്കണമെന്ന് പ്രാർത്ഥിച്ച ഓരോ ഇന്ത്യക്കാരും- അവർ ആരുമില്ലാതെ എനിക്ക് ഇതോന്നും ചെയ്യാൻ കഴിയുമായിരുന്നില്ല,” സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പ്രസ്താവനയിൽ കോഹ്ലി പറഞ്ഞു.
“ജോലിഭാരം മനസിലാക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കഴിഞ്ഞ 8-9 വർഷങ്ങളിൽ ഞാൻ മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നുണ്ട്. കഴിഞ്ഞ 5-6 വർഷമായി പതിവായി ക്യാപ്റ്റൻ ആയിരുന്നു. എന്റെ വലിയ ജോലിഭാരം കണക്കിലെടുക്കുമ്പോൾ, ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ. ഇന്ത്യൻ ടീമിനെ നയിക്കാൻ പൂർണ്ണമായും തയ്യാറാകാൻ എനിക്ക് ഇടം നൽകണമെന്ന് എനിക്ക് തോന്നുന്നു. ടി 20 ക്യാപ്റ്റനായിരുന്ന സമയത്ത് ഞാൻ ടീമിന് എല്ലാം നൽകിയിട്ടുണ്ട്, ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ടി 20 ടീമിനായി ഞാൻ അത് ചെയ്യുന്നത് തുടരും,” കോഹ്ലി പറഞ്ഞു.
Read More: കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ട്രിപ്പിള്‍ സെഞ്ചുറി വരെ പിറക്കും: കപില്‍ ദേവ്
“തീർച്ചയായും, ഈ തീരുമാനത്തിൽ എത്തിച്ചേരാൻ വളരെയധികം സമയമെടുത്തു. എന്റെ അടുത്ത ആളുകളായ രവി ഭായ്, രോഹിത് എന്നിവരുമായുള്ള ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഞാൻ ടി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചു. സെക്രട്ടറി ശ്രീ ജയ് ഷാ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവരോടും ഞാൻ എല്ലാ സെലക്ടർമാരോടും സംസാരിച്ചിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഞാൻ ഇന്ത്യൻ ക്രിക്കറ്റിനെയും ഇന്ത്യൻ ടീമിനെയും സേവിക്കുന്നത് തുടരും,” കോഹ്ലി പറഞ്ഞു.
ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടി-20 ലോകകപ്പ്. യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിലെ നാല് വേദികളിലായാണ് ടി20 ലോകകപ്പ് മത്സരങ്ങൾ.
Read More: ഐപിഎല്ലിലൂടെ താരങ്ങൾ യുഎഇ സാഹചര്യം മനസിലാക്കുന്നത് ഞങ്ങൾക്ക് ലോകകപ്പിൽ സഹായകമാകും: മാർക്ക് ബൗച്ചർ