ബാറ്റിങ്ങിൽ ലോകത്തെ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ. ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്ന കോഹ്‌ലിയുടെ പുതിയ റെക്കോർഡുകൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ബാറ്റിങ്ങിൽ മാത്രമല്ല ബോളിങ്ങിലും കോഹ്‌ലി തിളങ്ങിയിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽ കോഹ്‌ലിയുടെ പേരിൽ എട്ടു വിക്കറ്റുകളുണ്ട്. രാജ്യാന്തര ഏകദിനത്തിൽ നാലും ടി ട്വന്റിയിൽ നാലും വിക്കറ്റുകളാണ് കോഹ്‌ലി വീഴ്‌ത്തിയിട്ടുളളത്. അതേസമയം, ടെസ്റ്റിൽ കോഹ്‌ലിക്ക് വിക്കറ്റ് വീഴ്‌ത്താനായിട്ടില്ല. എന്നാൽ 2017 ഡിസംബർ മുതൽ കോഹ്‌ലി ബോളിങ്ങിൽനിന്നും വിട്ടു നിൽക്കുകയാണ്. ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ.

ലോകകപ്പ് വാർത്തകൾ വായിക്കാം

”ശ്രീലങ്കയ്ക്കെതിരായ പരമ്പര (2017) സമയത്ത് എകദേശം എല്ലാ മത്സരങ്ങളും ഞങ്ങൾ ജയിച്ചിരുന്നു. ഒരു മത്സരത്തിനിടയിൽ ധോണിയോട് ഞാൻ ബോളെറിയട്ടെ എന്നു ചോദിച്ചു. ഞാൻ ബോളിങ്ങിനായി റെഡിയായി നിൽക്കുമ്പോൾ ബൗണ്ടറിയിൽനിന്നും ഇതൊരു രാജ്യാന്തര മത്സരമാണെന്നും തമാശ വേണ്ടായെന്നും ബുംറ (ജസ്പ്രീത്) അലറി വിളിച്ചു. ടീമിലെ ഒരംഗത്തിനുപോലും എന്റെ ബോളിങ്ങിൽ വിശ്വാസമില്ല, പക്ഷേ എനിക്ക് വിശ്വാസമുണ്ട്. അതിനുശേഷം എനിക്ക് പുറംവേദന സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങളുണ്ടായി. പിന്നീട് ഞാൻ ബോളിങ് ചെയ്തിട്ടേ ഇല്ല,” ഒരു അഭിമുഖത്തിൽ കോഹ്‌ലി പറഞ്ഞു.

Read: ഇന്ത്യയ്ക്ക് കനത്ത പ്രഹരം; വിരാട് കോഹ്‌ലിയുടെ വിരലിന് പരുക്ക്, ഒന്നും പറയാതെ ബിസിസിഐ

അതേസമയം, രാജ്യാന്തര മത്സരത്തിൽ ബോളെറിയുന്നില്ലെങ്കിലും നെറ്റ്സിലെ പരീശീലനത്തിനിടയിൽ സമയം കിട്ടുമ്പോഴൊക്കെ കോഹ്‌ലി ബോളെറിയാറുണ്ട്. ഡൽഹി അക്കാദമിയിൽ ഉണ്ടായിരുന്ന സമയത്ത് ജെയിംസ് ആൻഡേഴ്സണിന്റെ ബോളിങ് ശൈലിയാണ് താൻ പിന്തുടർന്നിരുന്നതെന്നും കോഹ്‌ലി അഭിമുഖത്തിൽ പറഞ്ഞു. പിന്നീട് അദ്ദേഹത്തിനൊപ്പം കളിക്കാൻ അവസരം ലഭിച്ചപ്പോൾ ഇതിനെക്കുറിച്ച് പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഒരുപാട് ചിരിച്ചിട്ടുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി.

ലോകകപ്പിൽ ജൂൺ 5 (ബുധനാഴ്ച) നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം. പരിശീലനത്തിനിടയിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വലതു കൈയ്യിലെ തള്ളവിരലിന് പരുക്കേറ്റത് ആരാധകരെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

താരത്തെ ടീമിലെ മെഡിക്കല്‍ വിദഗ്ധര്‍ പരിശോധിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തു. പരുക്കേറ്റ വിരലില്‍ ഐസ് വച്ചാണ് താരം പരിശീലനം നടക്കുന്ന ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ബിസിസിഐയോ ടീം മാനേജ്‌മെന്റോ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook