scorecardresearch
Latest News

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിന് ഊര്‍ജം പകരുന്ന താരം: കെവിന്‍ പീറ്റേഴ്സണ്‍

കോഹ്ലി ടെസ്റ്റിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന താരത്തിന്റെ ഈ മനോഭാവം ടെസ്റ്റ് ക്രിക്കറ്റിന് ഗുണം ചെയ്യും

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിന് ഊര്‍ജം പകരുന്ന താരം: കെവിന്‍ പീറ്റേഴ്സണ്‍
Photo: Facebook/ Virat Kohli

ലണ്ടണ്‍: കളിക്കളത്തിലെ വിരാട് കോഹ്ലിയുടെ ആവേശവും തീവ്രതയും കാണുമ്പോള്‍ ടെസ്റ്റ് മത്സരങ്ങൾ അയാള്‍ക്ക് എല്ലാമാണെന്ന് തോന്നുന്നതായി മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. കോഹ്ലിയുടെ മനോഭാവം റെ‍ഡ് ബോള്‍ ക്രിക്കറ്റിന്റെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യുന്ന ഈ കാലത്ത് ആവശ്യമാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡിന്റേയും സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റേയും പാത പിന്തുടരാനുള്ള കഠിന ശ്രമത്തിലാണ് കോഹ്ലിയെന്നും അത് അയാള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നതെന്നും പീറ്റേഴ്സണ്‍ അഭിപ്രായപ്പെട്ടു.

“ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാള്‍ ആകണമെങ്കില്‍ ട്വന്റി 20യിലെ പോലെ ടെസ്റ്റിലും മികവ് പുലര്‍ത്തണം. കോഹ്ലി ടെസ്റ്റിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന താരത്തിന്റെ ഈ മനോഭാവം ടെസ്റ്റ് ക്രിക്കറ്റിന് ഗുണം ചെയ്യും,” പീറ്റേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.

കോഹ്ലിയുടെ കീഴില്‍ ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വരെ എത്തിയെങ്കിലും ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു. ലോര്‍ഡ്സില്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ 151 റണ്‍സിന് പരാജയപ്പെടുത്തിയതും കോഹ്ലിയുടെ തന്ത്രങ്ങള്‍ കൊണ്ടായിരുന്നു.

“ഏത് സാഹചര്യത്തിലും തന്റെ ടീം നല്‍കുന്ന പ്രകടനത്തെ കോഹ്ലി വിലമതിക്കുന്നു. ഓസ്ട്രേലിയയിലെ നേട്ടവും ലോര്‍ഡ്സിലെ വിജയവും കോഹ്ലിയുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കും. ഇംഗ്ലണ്ടില്‍ വന്ന് മികച്ച പ്രകടനം പുറത്തെടുക്കുക അത്ര എളുപ്പമല്ല. ട്രെന്റ് ബ്രിഡ്ജില്‍ മഴ പെയ്തില്ലായിരുന്നെങ്കില്‍ ഇന്ത്യ 2-0 ന് പരമ്പരയില്‍ മുന്നിലെത്തിയേനെ,” പീറ്റേഴ്സണ്‍ അഭിപ്രായപ്പെട്ടു.

അഞ്ചാം ദിനത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിനെ പുകഴ്ത്താനും മുന്‍ ഇംഗ്ലണ്ട് താരം മറന്നില്ല. ”അഞ്ചാം ദിവസം മുഹമ്മദ് സിറാജ് പന്തെറിഞ്ഞ രീതി ശ്രദ്ധിച്ചിരുന്നോ, തീവ്രതയും ഗുണനിലവാരവും ഒരുപോലെ. ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് ആശ്ചര്യകരമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ആദ്യം രോഹിതിന്റെ ആധിപത്യം, പിന്നാലെ രാഹുലും; അതിശയകരമെന്ന് ആകാശ് ചോപ്ര

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Virat kohli puts huge impetus on tests says kevin pietersen